HIGHLIGHTS : ചരിത്രവിശേഷങ്ങള്‍ തേടുന്ന സഞ്ചാരികള്‍ക്ക് മികച്ച കാഴ്ചകളും അനുഭവങ്ങളുമൊരുക്കുകയാണ് ഷാര്‍ജ മെലീഹ ആര്‍ക്കിയോളജി സെന്റര്‍. വേനല്‍കാല യാത്രകള്‍ക്ക് അനു...
ചരിത്രവിശേഷങ്ങള്‍ തേടുന്ന സഞ്ചാരികള്‍ക്ക് മികച്ച കാഴ്ചകളും അനുഭവങ്ങളുമൊരുക്കുകയാണ് ഷാര്‍ജ മെലീഹ ആര്‍ക്കിയോളജി സെന്റര്‍. വേനല്‍കാല യാത്രകള്‍ക്ക് അനുയോജ്യമായ വിധം സജ്ജീകരിച്ചിട്ടുള്ള പുരാവസ്തു മ്യൂസിയവും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വിജ്ഞാനം പകരുന്ന പരിശീലനങ്ങളുമാണ് ഇവിടുത്തെ സവിശേഷത.
പ്രദേശത്തിന്റെ സുവര്‍ണ്ണ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി പുരാവസ്തുക്കളും ചരിത്രപാഠങ്ങളും മെലീഹ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദിമമനുഷ്യന്റെ സഞ്ചാരപഥവും ഭൂമിശാസ്ത്രപരമായ അറിവുകളുമടങ്ങുന്ന പ്രത്യേക വീഡിയോ പ്രദര്‍ശനവും പുരാവസ്തുകേന്ദ്രത്തിന്റെ ഭാഗമാണ്. വെങ്കലയുഗത്തിലെ ഉമ്മുനാര്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ഒരു വലിയ ശവകുടീരത്തിനു ചുറ്റുമായി നിര്‍മിച്ച മെലീഹയിലെ കേന്ദ്രത്തില്‍ ആ കാലത്ത് നിന്നുള്ള ആയുധങ്ങള്‍, കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാം കാണാം. ഒരോ കാഴ്ചയുടെയും ചരിത്രപ്രധാന്യവും അതോടൊപ്പം വിവരിച്ചിട്ടുണ്ട്.
മ്യൂസിയം പ്രവേശനത്തിന് പ്രവേശനത്തിന് മുതിര്‍ന്നവര്‍ക്ക് 25 ദിര്‍ഹംസ്, കുട്ടികള്‍ക്ക് 15 ദിര്‍ഹംസ് എന്നിങ്ങനെയാണ് നിരക്കുകള്‍. അ!ഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തുണ്ടായിരുന്ന ജീവിതരീതിയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും സന്ദര്‍ശകര്‍ക്ക് സ്വയം മനസ്സിലാക്കാനാവുന്ന വിധത്തിലാണ് പുരാവസ്തു കേന്ദ്രത്തിലെ ക്രമീകരണം. മെലീഹയുടെ തനതായ പുരാവസ്തു പരിസ്ഥിതിയെക്കുറിച്ചു പഠിക്കുന്നതോടൊപ്പം ജബല്‍ ബുഹൈസ്, ജബല്‍ ഫയാ, ഫോസില്‍ റോക്ക് എന്നീ ചരിത്രാതീത സ്ഥലങ്ങളെക്കുറിച്ചും പ്രദേശത്തെ ജൈവവൈവിധ്യത്തെക്കുറിച്ചുമുള്ള പ്രത്യേക പരിശീലനങ്ങളും ട്രക്കിങ്ങുകളും മെലീഹയില്‍ ഒരുക്കിയിട്ടുണ്ട്.
കുട്ടികളില്‍ ചരിത്രാന്വേഷണ കൗതുകമുണര്‍ത്തുന്ന വിധം സജ്ജീകരിച്ചിട്ടുള്ള ‘ഫോസില്‍ ഹണ്ട് എക്‌സ്‌പെഡിഷന്‍’, എന്നീ പരിശീലനം വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്നതാണ്. ‘സൗണ്ട്‌സ് ഓഫ് ദ പാസ്റ്റ്’ എന്ന മറ്റൊരു പരിശീലനത്തിലൂടെ ശിലായുഗ മനുഷ്യരുടെ ആയുധങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് മനസ്സിലാക്കാനാവും. മെലീഹയിലെ വിദ്യാഭ്യാസ വിദഗ്ധര്‍ നയിക്കുന്ന പരിശീലനത്തില്‍ അഞ്ച് വയസ്സു മുതലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. രണ്ട് മണിക്കൂറോളമാണ് ദൈര്‍ഘ്യം. ടിക്കറ്റ് നിരക്ക് 25 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു.
രാത്രി ക്യാംപിങ്, ട്രക്കിങ്, ഡസേര്‍ട്ട് സഫാരി, വാനനിരീക്ഷണം, കുതിര സവാരി എന്നിങ്ങനെ മറ്റനേകം വിശേഷങ്ങളും ഷാര്‍ജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) കീഴിലുള്ള മെലീഹ ആര്‍ക്കിയോളജി സെന്ററിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 068021111, 050 210 3780 എന്നീ നമ്പറുകളില്‍ വിളിക്കുകയോ mleihamanagement@discovermleiha.ae എന്ന വിലാസത്തിലേക്ക് ഈമെയില്‍ അയക്കുകയോ ചെയ്യാം.