കൊടകര കള്ളപ്പണം; സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; അമിത് ഷായും നദ്ദയുമായുള്ള കൂടിക്കാഴ്ച ഇന്ന്

Kodakara money laundering case, ; Surendran summoned to Delhi; Meeting with Amit Shah and Nadda today

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം. കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ എന്നിവരുമായി സുരേന്ദ്രന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രനെ വിളിപ്പിച്ചതെന്നാണ് സൂചന. സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്രസഹമന്ത്രി വി മുരളീധരനും സുരേന്ദ്രനൊപ്പം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളുടെയും പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് സുരേന്ദ്രനെ അടിയന്തിരമായി ഡല്‍ഹിക്ക് വിളിപ്പിച്ചത്. ഉത്തരേന്ത്യയില്‍ നേതാക്കള്‍ക്ക് തലയുയര്‍ത്താന്‍ സാധിക്കാത്ത രീതിയിലാണ് കേരളമെന്നും ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വൈകാതെ നേതൃമാറ്റമുണ്ടാകുമെന്ന സൂചനയാണ് കേന്ദ്രത്തിന്റെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം, കൊടകര കള്ളപ്പണ കേസ് ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ഡല്‍ഹിയില്‍ നിന്നും ബന്ധപ്പെട്ട അനുമതിയെല്ലാം ഇഡിക്ക് ലഭിച്ചുകഴിഞ്ഞതായാണ് വിവരം. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇഡി അന്വേഷണം ആരംഭിച്ചേക്കും. നിലവിലെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പഠിച്ച ശേഷം ഇഡി പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കള്ളപ്പണ നിരോധനനിയമപ്രകാരമായിരിക്കും കേസ്. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കേസന്വേഷണത്തിനായി ചുമതലപ്പെടുത്തുകയെന്നാണ് വിവരങ്ങള്‍.

കൊടകര കള്ളപ്പണക്കേസും തുടര്‍ന്നുണ്ടായ വിവാദങ്ങളും പാര്‍ട്ടിക്ക് വലിയ ആഘാതം സൃഷ്ടിച്ചുവെന്നാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. പുതിയ സാഹചര്യത്തില്‍ താല്‍ക്കാലികമായെങ്കിലും കറപുരളാത്ത നേതാവിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കൃഷ്ണദാസ് പക്ഷവും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച കൃഷ്ണദാസ് പക്ഷം സുരേന്ദ്രനെ പൂര്‍ണ്ണമായും തള്ളുന്ന പ്രതികരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് കെ സുരേന്ദ്രനാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്വം മറ്റുനേതാക്കള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കീഴ്ഘടകങ്ങള്‍ മുതല്‍ സമഗ്രമായ പുന:സംഘടന വേണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •