കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട; 4 പേർ പിടിയിൽ

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വൻ രാസലഹരി വേട്ട. വിൽപ്പനക്കായി സൂക്ഷിച്ച 153 ഗ്രാം എംഡിഎംഎയുമായി കാപ്പപ്രതി ഉൾപ്പെടെ 4 പേരെ പൊലീസ് സാഹസികമായി പിടികൂടി. പുളിക്കൽ അരൂർ എട്ടൊന്നിൽ ഷഫീഖ് (35), വാഴക്കാട് കമ്പ്രതിക്കുഴി നൗഷാദ് (40), കൊട്ടപ്പുറം കുന്നംതൊടി ഷാക്കിർ (കുട്ടാപ്പി – 32), ഐക്കരപ്പടി ഇല്ലത്തുപടി ബാർലിമ്മൽ പറമ്പ് റഷാദ് മുഹമ്മദ് (20)എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്.

സംഘത്തിൽ ഉൾപ്പെട്ട 3 പേർ കാറിൽ രക്ഷപ്പെട്ടതായും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഐക്കരപടി കണ്ണംവെട്ടിക്കാവ് അമ്പലക്കണ്ടി വള്ളിക്കാട്ട് മണ്ണെടുത്ത ആളൊഴിഞ്ഞ സ്ഥലത്തു നിന്ന് ഞായർ വൈകിട്ട് 6.30 ഓടെയാണ് ഇവർ പിടിയിലായത്.

നിരവധി കേസുകളിൽ പ്രതിയായ ഷെഫീഖ് രാസലഹരി കേസിൽ ജയിലിലായിരുന്നു. അടുത്തിടെയാണ് ഭാര്യയോടൊപ്പം ജാമ്യത്തിൽ ഇറങ്ങിയത്. വയനാട്ടിൽ മൂന്നരക്കോടി തട്ടിയ കേസിലും കൊണ്ടോട്ടിയിൽ മോഷണക്കേസിലും പ്രതിയാണ്. ഒരു വർഷം കാപ്പ പ്രകാരം ജയിലിൽ കിടന്നിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും കോഴിക്കോട് മലപ്പുറം ജില്ലകളിൽ ലഹരി വിൽപ്പനയിൽ സജീവമാവുകയായിരുന്നു. നൗഷാദ് വയനാട്ടിൽ എംഡിഎംഎ കേസിൽ പ്രതിയാണ്. അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.

പ്രതികളിൽനിന്ന് അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും കണ്ടെടുത്തു. പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടി എഎസ്‌പി കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്പെക്ടർ പി എം ഷമീർ, ഡൻസാഫ് സബ് ഇൻസ്പെക്ടർ വാസു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top