മൊബൈൽ കാണാനില്ലെന്ന പരാതിയുമായി സ്‌റ്റേഷനിലെത്തി, പൊലീസ് ജീപ്പുമായി കടന്നയാൾ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ അര്‍ധരാത്രിയില്‍ പോലീസ് ജീപ്പുമായി കടന്നയാളെ നാട്ടുകാര്‍ പിടികൂടി. സൈബര്‍ പൊലീസ് സ്‌റ്റേഷന്‍റെ മുറ്റത്തുനിന്നാണ് ഗുരുവായൂര്‍ സ്വദേശി ഹംസത്ത് മദ്യലഹരിയില്‍ ജീപ്പ് കടത്തിയത്. കണ്ണൂര്‍ റേഞ്ച് ഐജിയുടെ ഓഫിസിന് സമീപത്തുനിന്നാണ് സര്‍ക്കാര്‍ വാഹനം പ്രതി ഓടിച്ചുപോയത്. രാത്രി പന്ത്രണ്ടരയോടെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ തന്‍റെ ഫോണ്‍ മോഷണം പോയി എന്ന പരാതിയുമായി എത്തിയതായിരുന്നു ഹംസത്ത് .

പരാതി സൈബർ സെല്ലിലാണ്‌ നൽകേണ്ടത്‌ എന്ന്‌ ഇവിടത്തെ പൊലീസുകാർ പറഞ്ഞതിനാൽ, തൊട്ടടുത്തുള്ള സൈബര്‍ പൊലീസിന്‍റെ ഓഫിസിലേക്ക് ചെന്നു. അവിടെ ആരെയും കണ്ടില്ല. മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പില്‍ കയറിയിരുന്നു.വണ്ടിയുടെ താക്കോല്‍ അവിടെ തന്നെ കണ്ടതോടെ ഒന്നും നോക്കിയില്ല. സ്റ്റാര്‍ട്ട് ചെയ്ത് ഒറ്റപ്പോക്ക്. നഗരം ചുറ്റി എസ്എന്‍ പാര്‍ക്കിന് സമീപത്തെ തട്ടുകടയില്‍ എത്തി. വണ്ടിയില്‍നിന്നറങ്ങി. മദ്യലഹരിയില്‍ ആടിയാടി വരുന്നത് കണ്ട് ചിലര്‍ക്ക് സംശയമായി. ഇയാളെ തടഞ്ഞുവച്ച്‌ തട്ടുകടയിലുള്ളവർ ട‍ൗൺ സ്‌റ്റേഷനിൽ വിവരം നൽകി. ട‍ൗൺ ഇൻസ്‌പെക്ടർ കൈലാസ്‌ നാഥും സംഘവും സ്ഥലത്തെത്തി ഇയാളെയും ജീപ്പിനെയും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

മദ്യപിച്ച് അടിയുണ്ടാക്കിയ വകയില്‍ രണ്ട് കേസുണ്ട്. വാഹനമോഷണം ലക്ഷ്യമല്ലായിരുന്നുവെന്നും മദ്യലഹരിയില്‍ എടുത്തു കൊണ്ടുപോയതാണെന്നും പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top