മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം; 9 ദിവസത്തെ ജയില്‍വാസത്തിന് ശേഷം മോചനം

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലിലാണ്. 3 ഉപാധികളോടെയാണ് ബിലാസ്പുര്‍ എന്‍ ഐ എ കോടതി ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ 2 ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കാനുള്ള വിധി പുറപ്പെടുവിച്ചത്.

കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെ കോടതി കേസ് പരിഗണിച്ചിരുന്നു. നേരത്തെ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ എന്‍ഐഎ കോടതിയിലും പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഭരണ ഘടന മൂല്യങ്ങള്‍ മാനിച്ച് കന്യാസ്ത്രീകള്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കണമെന്നാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു.ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top