തിരൂരില്‍ യുവാവിനെ നടുറോഡില്‍ ആക്രമിച്ച് കത്തി ചൂണ്ടി തട്ടികൊണ്ടു പോയ ക്വട്ടേഷന്‍ സംഘം പിടിയില്‍

തിരൂര്‍: ആലത്തിയൂരില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ആക്രമിച്ച് വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍. ഈശ്വരമംഗലം വാരിയത്ത് പറമ്പില്‍ മുഹമ്മദ് റാഫി, വെളിയങ്കോട് സ്വദേശി റഹീം സി.എം, വെളിയങ്കോട് അയോട്ടിച്ചിറ വലിയപുരയ്ക്കല്‍ മുഹമ്മദ് ഇക്ബാല്‍, വെളിയങ്കോട് പൊന്നക്കാരന്റെ അകത്ത് ജുനൈദ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്.

ആലത്തിയൂര്‍ പെട്രോള്‍ പമ്പിന് മുന്‍വശത്ത് വെച്ച് നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവിനെ കത്തി ചൂണ്ടി ബൈക്കില്‍ തട്ടികൊണ്ടു പോയത്. യുവാവ് വന്ന ഇന്നോവ കാറും സംഘം കടത്തി കൊണ്ടു പോയി. വാഹന പണയ ഇടപാടുമായി ബന്ധപ്പെട്ടാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ തട്ടിക്കൊണ്ടുപോയ ഇന്നോവ കാറിന്റെ ജി.പി.എസ്. സംവിധാനം പിന്തുടര്‍ന്ന പോലീസ് മണിക്കൂറുകള്‍ക്കകം പൊന്നാനി വെളിയങ്കോട് വെച്ച് പ്രതികളെ പിടികൂടുകയും യുവാവിനെ മോചിപ്പിക്കുകയുമായിരുന്നു. പ്രതികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൂട്ടായി സ്വദേശി റാഫി(27)യെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

യുവാവിനെ ആക്രമിക്കുന്നത് കണ്ട് ഓടിക്കൂടിയവരോട് യുവാവ് മോഷ്ടാവാണെന്നാണ് അക്രമിസംഘം പറഞ്ഞത്. പിടിയിലായ പ്രതികള്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം സിഐ ഫര്‍ഷാദ്, എസ്‌ഐ ജലീല്‍ കറുത്തേടത്ത്, എസ്‌സിപിഒ ഷിബു,സിപിഒമാരായ സജി അലോഷ്യസ്,പങ്കജ്,കുമാര്‍, രജീഷ്,ഡാനിയേല്‍ ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles