കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു;എം ജി ശ്രീകുമാറിന് പിഴ

കൊച്ചി:കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകന്‍ എം ജി ശ്രീകുമാറിന് പിഴ. 25,000 രൂപയാണ് പിഴ.മുളവുകാട് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴ നോട്ടീസ് അയച്ചിരിക്കുന്നത്.

എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുള്ള വീട്ടില്‍ നിന്ന് മാലിന്യം കായലിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യം വിനോദ സഞ്ചാരിയുടെ മൊബൈല്‍ ഫോണില്‍ പതിയുകയായിരുന്നു. തുടര്‍ന്ന് വിനോദ സഞ്ചാരി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള 94467 00800 എന്ന സര്‍ക്കാറിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് തെളിവ് സഹിതം പരാതി നല്‍കിയാല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വീഡിയോക്ക് മറുപടി നല്‍കി. തുടര്‍ന്ന് വീഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് സംഭവത്തില്‍ അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം എം ജി ശീകുമാര്‍ പിഴ ഒടുക്കി.

പഞ്ചായത്തീരാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരം പിഴ നോട്ടീസ് നല്‍കിയത്. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചുകഴിയുമ്പോള്‍ ഈ വിവരം തെളിവ് സഹിതം നല്‍കിയ ആള്‍ക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വീഡിയോയില്‍ എം ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ആരാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് തിരിച്ചറിയാനായിട്ടില്ല.

Share news
error: Content is protected !!
Scroll to Top