കോഴിക്കോട്:ആയിരം കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ തദ്ദേശ റോഡുകള്‍ പുനരുദ്ധരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയ എലത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ 75 ലക്ഷത്തില്‍പ്പരം രൂപ അനുവദിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
എലത്തൂര്‍ നിയോജകമണ്ഡലത്തിലെ അമ്പലപ്പടിയില്‍ 17 ലക്ഷം രൂപ ചെലവില്‍
മുന്‍മന്ത്രി എ സി ഷണ്‍മുഖദാസിന്റെ സ്മാരകമായി നിര്‍മ്മിച്ച ബസ് ബേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലഞ്ചു വര്‍ഷമായി സംസ്ഥാനത്ത് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ തമസ്‌കരിക്കപ്പെടുകയാണെന്ന് മന്ത്രി ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
വികസന
പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അല്ല ജനം അറിയുന്നത്. മറിച്ച്
കഥകളാണ്.
ഈ കഥകള്‍ക്കിടയില്‍ ഇത്തരം മാറ്റങ്ങള്‍ അറിയാതെ പോകുന്നു.
ഈ സാമ്പത്തിക വര്‍ഷം എലത്തൂരില്‍ മാത്രം 90 ലക്ഷം രൂപ ചെലവഴിച്ചു.
അടിസ്ഥാന
നിര്‍മ്മാണമേഖലയില്‍ ചെലവിടുന്ന ഈ തുക
കൂലി വരുമാനക്കാരനിലാണ് എത്തുന്നത്. ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടാന്‍ കാരണമാകുന്നു.
നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങള്‍ മുഖേന എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ അഞ്ചര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.
മുന്‍ മന്ത്രി എ സി ഷണ്മുഖദാസ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും മന്ത്രി സ്മരിച്ചു.
ബസ് ബേ, ഇന്റര്‍ലോക്കിങ്ങ്, കഫറ്റീരിയ, ലൈറ്റിംഗ് സംവിധാനം എന്നിവയെല്ലാം ചേര്‍ന്നുള്ള നിര്‍മാണത്തിനാണ് സ്ഥലം എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചിലവിട്ടത്.
പരിപാടിയില്‍ എരഞ്ഞിക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇ പി സഫീന അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി പി മനോജ്, എസ് എം തുഷാര, മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍
പങ്കെടുത്തു.




