തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ജൂണ്‍ 21 വരെ പേര് ചേര്‍ക്കാം

കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ തുടങ്ങി. ഈ മാസം 21 വരെ വോട്ടര്‍മാര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. അതുപോലെ മരണപ്പെട്ടവരുടെയും മറ്റും പേരുകള്‍ ഒഴിവാക്കാനും വോട്ടര്‍ പട്ടികയിലെ പേര് നിലവില്‍ താമസിക്കുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മാറ്റാനും ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്ക് പേര് മാറ്റാനും മറ്റും ഇക്കാലയളവില്‍ സാധിക്കും.

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു എന്ന് കരുതി 2025 ല്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടാകണമെന്നില്ല. രണ്ടും പൂര്‍ണമായും വെവ്വേറെ വോട്ടര്‍ പട്ടികകളാണ്.

ഈ മാസം ആറിനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചത്. കരട് വോട്ടര്‍ പട്ടികയുടെ കോപ്പി അതാത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭിക്കും. ഇത് പരിശോധിച്ചശേഷം പട്ടികയില്‍ പേര് ഇല്ലെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ www.sec.kerala.gov.in ല്‍ കയറി Citizen Registration എന്ന ലിങ്കില്‍ പ്രവേശിച്ചു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. അല്ലെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ രേഖകളുമായി നേരിട്ടുചെന്നും
പേര് ചേര്‍ക്കാവുന്നതാണ്. പുതിയ പേരുകള്‍ കൂട്ടിച്ചേര്‍ത്തും ഒഴിവാക്കേണ്ടത് ഒഴിവാക്കിയതിനും ശേഷമുള്ള പുതുക്കിയ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേമ്പറില്‍ വ്യാഴാഴ്ച ചേര്‍ന്ന
രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് പാര്‍ട്ടികളുടെ സഹകരണം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അഭ്യര്‍ത്ഥിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു എന്ന് കരുതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടാകണം എന്നില്ല എന്ന കാര്യം കളക്ടര്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. രണ്ട് വോട്ടര്‍ പട്ടികയും ഒന്നാണെന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. ഓരോരുത്തരും കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് പേരില്ലെങ്കില്‍ പേര് ചേര്‍ക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കണം.

വോട്ടര്‍ പട്ടിക കുറ്റമറ്റ രീതിയില്‍ പരിഷ്‌കരിക്കാന്‍ എല്ലാ പിന്തുണയും പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്തു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top