ഭാഷാ സമരം ശക്തമാകുന്നു: കെ.എ.എസ് പിഎസ്‌സി പരീക്ഷ ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ ലഭ്യമാക്കണം

ഡോ.പി.സുരേഷ്
ഡോ.പി.സുരേഷ്

എഴുത്തുകാരനും, മലയാള ഐക്യവേദി പ്രവര്‍ത്തകനുമായ ഡോ.പി.സുരേഷ് എഴുതുന്നു

തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ ഒരു സമരം നടക്കുന്നുണ്ട്. മലയാള ഭാഷയുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഐക്യമലയാള പ്രസ്ഥാനമാണ് മുന്നണിയില്‍. പുരോഗമന സാഹിത്യ സംഘവും ശാസ്ത്രസാഹിത്യ പരിഷത്തും പിന്തുണ നല്‍കുന്നു.
ഈ സമരം ആത്യന്തികമായി അവസരതുല്യതക്കും മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടിയാണെന്ന് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.പിഎസ്‌സി പരീക്ഷകള്‍ മലയാളത്തില്‍ മാത്രം നടത്തണമെന്ന ഭാഷാ മൗലികവാദമല്ല സമരസമിതി ഉയര്‍ത്തുന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവര്‍ക്ക് ഇംഗ്ലീഷിലും 97% കേരളീയരുടെയും മാതൃഭാഷയായ മലയാളത്തിലും സര്‍ക്കാര്‍ അംഗീകരിച്ച ന്യൂനപക്ഷ ഭാഷകളിലും ചോദ്യം നല്‍കി പരീക്ഷ നടത്താന്‍ പിഎസ്‌സി തയ്യാറാകണമെന്ന ന്യായമായ ആവശ്യമാണ് സമരസമിതി ഉന്നയിക്കുന്നത്. ഒരു സംസ്ഥാനത്തെ മത്സര പരീക്ഷകള്‍ ആ സംസ്ഥാനത്തിന്റെ മാതൃഭാഷയില്‍ നടത്തുക എന്നത് ഏറ്റവും പ്രാഥമികമായ ജനാധിപത്യ മര്യാദയാണ്.
2017 ലാണ് ചരിത്ര പ്രാധാന്യമുള്ള രണ്ടു് ഉത്തരവുകള്‍ കേരളത്തിലുണ്ടായത്. മെയ് 1 മുതല്‍ കേരളത്തിലെ ഭരണഭാഷ മലയാളമായിരിക്കണമെന്ന ഉത്തരവാണ് ഒന്നാമത്തേത്. കേരളം എന്ന ഭൂപ്രദേശത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാള പഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം നിയമസഭ ഏകകണ്ഠമായാണ് പാസ്സാക്കിയത്. ഈ ഭാഷാ ഉത്തരവുകള്‍ പിഎസ്‌സി എന്ന സ്വയംഭരണ സ്ഥാപനത്തിനും ബാധകമാണ്. എന്നാല്‍ ഒരു സൗജന്യം പോലെ 10 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ചോദ്യക്കടലാസില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് പിഎസ്‌സി ചെയ്തത്. എല്ലാ ചോദ്യങ്ങളും മലയാള സാഹിത്യത്തില്‍ നിന്ന് ചോദിക്കണമെന്നതല്ല ആവശ്യം. ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത എത് കേരളീയര്‍ക്കും വായിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ വ്യത്യസ്ത ജ്ഞാനശാഖകളിലെ ചോദ്യങ്ങള്‍ മാതൃഭാഷയില്‍ കൂടി നല്‍കണമെന്നതാണാവശ്യം. ഇതര സംസ്ഥാനങ്ങളില്‍ അങ്ങനെയാണ്.ഐഎഎസ്, ഐപിഎസ് പരീക്ഷകളിലും മലയാളം അനുവദനീയമാണ്. എന്നാല്‍ കൊളോണിയല്‍ ഭൂതം വിട്ടൊഴിയാത്ത ഒരു പറ്റം ഉന്നതോദ്യോഗസ്ഥന്‍മാര്‍ വരേണ്യ വിഭാഗത്തിനു മാത്രം പ്രാപ്തമാകുന്ന തരത്തില്‍ നമ്മുടെ തൊഴില്‍ മേഖലയില്‍ നിന്ന് മലയാള മാധ്യമത്തില്‍ പഠിച്ചു വരുന്നവരെ തഴയാന്‍ കരുക്കള്‍ നീക്കുകയാണ്. പിഎസ്‌സി മുന്‍ ചെയര്‍മാനും ഇപ്പോഴത്തെ ചെയര്‍മാനും മലയാളത്തോട് കാണിച്ച അനീതി കേരള ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. സര്‍ക്കാറിന്റെ പ്രഖ്യാപിത ഭാഷാ നയം അംഗീകരിക്കില്ലെന്ന ധ്യാര്‍ഷ്ട്യമാണ് സ്വയംഭരണ സ്ഥാപനമെന്ന പ്രിവിലേജ് ഉപയോഗിച്ച് പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും കാണിക്കുന്നത്.
നിരവധി ദശകങ്ങളായി, മലയാളികളെ ഭരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മലയാളത്തില്‍ നടത്തിയിരുന്ന വകുപ്പുതല പരീക്ഷ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷിലേക്കു മാറ്റിയിരിക്കുന്നു എന്നതുകൂടി ഇതോടൊപ്പം കാണണം. ഇംഗ്ലീഷ് അറിയാവുന്നവര്‍ മാത്രം ഉദ്യോഗക്കയറ്റം നേടിയാല്‍ മതി എന്ന ജനാധിപത്യവിരുദ്ധ ബോധമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഇപ്പോള്‍ നടക്കുന്ന സമരം കേരളീയരുടെ അവകാശസമരമെന്ന നിലയില്‍ സമൂഹമൊന്നാകെ ഏറ്റെടുക്കേണ്ടതുണ്ട്.

Related Articles