കണ്ണൂര്‍: കോവളം-ബേക്കല്‍ ജലപാതയില്‍ സ്വാഭാവിക പാതയില്ലാത്ത ഭാഗത്ത് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില ഭാഗങ്ങളിലാണ് സ്വാഭാവിക പാതയില്ലാത്തത്. ജലപാത പൂര്‍ത്തിയാക്കല്‍ സര്‍ക്കാര്‍ അതീവ പ്രാധാന്യത്തോടെ കാണുന്നു. ഏറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നത്തെക്കുറിച്ച് പൂര്‍ണബോധ്യമുണ്ട്. പരാതിക്കിടവരാതെ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും.
മുഴപ്പിലങ്ങാട്ട് കെടിഡിസി പഞ്ചനക്ഷത്ര ഹോട്ടലിന് കല്ലിടുകയായിരുന്നു മുഖ്യമന്ത്രി.
ജലപാത പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോ 50 കിലോമീറ്റര്‍ ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ടാകും. ഇത് വികസന സാധ്യതകള്‍ സൃഷ്ടിക്കുന്നതാണ്.
600 കിലോമീറ്റര്‍ നീളത്തില്‍ ജലപാതയിലൂടെ സഞ്ചരിക്കാന്‍ കഴിയുക എന്നത് അത്ഭുതമായി മാറും. ഇതും നവകേരള സൃഷ്ടിയുടെ ഭാഗമാണ്. * വികസന രംഗത്ത് ടൂറിസം മേഖലയ്ക്കും നിര്‍ണായക പങ്കാണുള്ളത്. നിപാ, മഹാപ്രളയം, കോവിഡ് എന്നിവയില്‍ തളര്‍ന്ന ടൂറിസത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ്. അതിന്റെ മാറ്റം അനുഭവപ്പെടാന്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.




