Section

malabari-logo-mobile

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, വ്യോമസേനയുടെ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

HIGHLIGHTS : Kuwait tragedy; The bodies of the Malayalees will be brought home today

കൊച്ചി: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയില്‍ എത്തിക്കും. മൃതദേഹവും വഹിച്ചുള്ള സൈനിക വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പുറപ്പെട്ടത്. ദുരന്തത്തില്‍ മരിച്ച 23 മലയാളികളുടേതടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിക്കുക. പിന്നീട് ഡല്‍ഹിയിലേക്ക് തിരിക്കും.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹം പ്രത്യേകം ക്രമീകരിച്ച ആംബുലന്‍സുകളില്‍ മരിച്ചവരുടെ വീടുകളില്‍ എത്തിക്കും.

sameeksha-malabarinews

അതേസമയം, കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരില്‍ രണ്ട് പേര്‍ റിമാന്‍ഡിലായതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാന്‍ഡിലായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൂട്ട മരണത്തിന് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.

തീപിടിത്തം ഉണ്ടായത് കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ അപകടത്തിന് കാരണമായത് കെട്ടിടത്തിലെ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പുലര്‍ച്ചെ 4.28നാണ് അപകട സന്ദേശം കിട്ടിയതെന്നും കൃത്യം അഞ്ചുമിനിട്ടില്‍ കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെന്നും കുവൈത്ത് ഫയര്‍ റെസ്‌ക്യൂ വിഭാഗം അറിയിച്ചു. അപകട സ്ഥലത്തെത്തി പത്തു മിനിറ്റ് കൊണ്ടുതന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നിട്ടും കെട്ടിടത്തിലുണ്ടായിരുന്ന 45 പേരെയും ജീവനറ്റ നിലയിലാണ് കണ്ടെടുത്തത്. ഗുരുതരമായി പരിക്കേറ്റിരുന്ന നാല് പേര്‍ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ മരണപ്പെടുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!