Section

malabari-logo-mobile

ഇ-വാഹന നിര്‍മാണ കമ്പനികള്‍ക്ക് കെ.എസ്.ആര്‍.ടി.സി സ്ഥലവും കെട്ടിടവും വര്‍ക്ക്ഷോപ്പും നല്‍കുമെന്ന് ഗതാഗതമന്ത്രി

HIGHLIGHTS : KSRTC will provide space, building and workshop to e-vehicle manufacturing companies, says Transport Minister

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനും അസംബിള്‍ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികള്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്ഥലവും കെട്ടിടവും വര്‍ക്ക്ഷോപ്പും നല്‍കാന്‍ തയ്യാറാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സും എക്സ്പോയും ആയ ‘ഇവോള്‍വി’ ന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഇവിടെ സംരംഭം തുടങ്ങാന്‍ സ്ഥലം, കെട്ടിടം എന്നിവ അന്വേഷിച്ച് പ്രയാസപ്പെടേണ്ടതില്ല. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലവും കെട്ടിടങ്ങളും വര്‍ക്ക്ഷോപ്പും അനുവദിച്ചു നല്‍കാന്‍ തയ്യാറാണ്, മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച ഇവോള്‍വ് വന്‍ വിജയവും പ്രയോജനപ്രദവും ആയതിനാല്‍ എല്ലാ വര്‍ഷവും പരിപാടി കേരളത്തില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യാന്തര സെമിനാറില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി സഹകരിച്ചുകൊണ്ട് ഇ-വാഹന മേഖലയില്‍ കേരളം വന്‍ മുന്നേറ്റം നടത്തും. വരാന്‍ പോകുന്നത് ഇ-മൊബിലിറ്റിയുടെ കാലമാണ്. അത് മനസ്സിലാക്കിയാണ് കേരളം ഈ മേഖലയില്‍ മുന്നേ ചുവടുവെച്ചത്.

‘ഇവോള്‍വ് വേദിയില്‍ വച്ചാണ് കേന്ദ്ര മന്ത്രി രാമേശ്വര്‍ തേലി കേരളത്തില്‍ മൂന്ന് ഹൈഡ്രജന്‍ ഫില്ലിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍ എന്നിവയുമായി സഹകരിച്ചായിരിക്കുമിത്.

ആദി ഗ്രൂപ്പ് കേരളത്തില്‍ ഹൈഡ്രജന്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നൈപുണ്യ വികസന സംവിധാനം ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അസാപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചാണിത്.

നിലവില്‍ 40 ഇ-ബസ്സുകള്‍ ഉള്ള കെ.എസ്.ആര്‍.ടി.സി 400 എണ്ണം കൂടി പുതുതായി വാങ്ങും. ഇതിന് പുറമേ ഡീസല്‍ ബസുകള്‍ ഇലക്ട്രിക് ആക്കി മാറ്റാന്‍ കഴിയുമോ എന്നത് സാമ്പത്തികനില കൂടി പരിഗണിച്ച് തീരുമാനമെടുക്കും.

സമാപന സമ്മേളനം ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ജനസംഖ്യയുടെ പകുതിയോളം വാഹനങ്ങളുള്ള കേരളം തന്നെ ഇവോള്‍വിന് വേദിയായത് എന്തുകൊണ്ടും അനുയോജ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാരമ്പര്യേതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സബ്സിഡിയും റിബേറ്റും നികുതിയിളവും നല്‍കുന്നുണ്ട്.

ചടങ്ങില്‍ ഗതാഗത മന്ത്രി ഡിജിറ്റല്‍ സുവനീര്‍ പ്രകാശനം ചെയ്തു. മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ ആമിന അബ്ദുല്ല ദീദി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഗതാഗത വകുപ്പ് കമ്മീഷണര്‍ എസ് ശ്രീജിത്ത്, ഗതാഗത വകുപ്പ് അഡീഷനല്‍ കമ്മീഷണര്‍ പി. എസ് പ്രമോദ് ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എട്ട് സെഷനുകളിലായി വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ സജീവമായി പങ്കെടുത്ത സെമിനാറില്‍ ഓട്ടോമൊബൈല്‍ രംഗത്തെ ഗവേഷകര്‍, ബാറ്ററി നിര്‍മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വാഹന നിര്‍മ്മാതാക്കള്‍ എന്നിവര്‍ ആശയങ്ങള്‍ പങ്കുവെച്ചു. ഇതോടനുബന്ധിച്ച് പൊലീസ് മൈതാനിയില്‍ നടക്കുന്ന വാഹനങ്ങളുടെ എക്സ്പോ ഞായറാഴ്ച സമാപിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!