കെഎസ്ആര്‍ടിസി പണിമുടക്ക്: ഓടിച്ചത് 300ല്‍താഴെ സര്‍വീസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കില്‍ രണ്ടാംദിവസം സര്‍വീസ് നടത്തിയത് മുന്നൂറില്‍ താഴെമാത്രം. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുള്ള തെക്കന്‍ ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമായി.

ടിഡിഎഫ്, എഐടിയുസി സംഘടനകളാണ് ശനിയാഴ്ചയും പണിമുടക്ക് നടത്തിയത്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള കെഎസ്ആര്‍ടിഇഎ, ബിഎംഎസ് സംഘടനകളുടെ പണിമുടക്ക് വെള്ളിയാഴ്ചതന്നെ അവസാനിച്ചിരുന്നു.

സാവകാശം നല്‍കിയില്ലെന്ന വാദം തെറ്റ്

കെഎസ്ആര്‍ടിഇഎ
ശമ്പളപരിഷ്‌കരണത്തില്‍ തീരുമാനമെടുക്കാന്‍ സാവകാശം അനുവദിച്ചില്ലെന്ന ഗതാഗതമന്ത്രിയുടെ വാദം തെറ്റാണെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) പ്രസ്താവനയില്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം പരിഷ്‌കരിച്ചിട്ട് 10 വര്‍ഷമായി.

ജൂണില്‍ പരിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമാണ്. ജൂണ്‍ 21ന് ഗതാഗതമന്ത്രി യൂണിയനുകളുടെ യോഗം വിളിച്ച് അവകാശപത്രിക ചര്‍ച്ചചെയ്യാന്‍ മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തി. ചര്‍ച്ചയ്ക്ക് വിളിച്ചത് സെപ്തംബര്‍ ഒമ്പതിനാണ്. സെപ്തംബര്‍ 24നു മുമ്പ് രണ്ടു മൂന്ന് കാര്യത്തിലൊഴികെ തീരുമാനവുമെടുത്തു. 30നകം മാനേജ്‌മെന്റുതല ചര്‍ച്ച പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ചര്‍ച്ചയ്ക്ക് വിളിക്കാതെ വന്നപ്പോഴാണ് ഒക്ടോബര്‍ 13ന് പണിമുടക്ക് നോട്ടീസ് നല്‍കിയത്. നാലിന് അര്‍ധരാത്രി തുടങ്ങുന്ന പണിമുടക്കിന് മൂന്നിനാണ് ഗതാഗതമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. പിറ്റേദിവസംമുതല്‍ ശമ്പളം വര്‍ധിപ്പിക്കണമെന്ന് ഒരു യൂണിയനും ആവശ്യപ്പെട്ടില്ല. ശമ്പളസ്‌കെയില്‍ തീരുമാനിക്കണമെന്നും അക്കാര്യത്തില്‍ ഉറപ്പുണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്.

യൂണിയനുകള്‍ ആവശ്യപ്പെട്ട മാസ്റ്റര്‍ സ്‌കെയില്‍ അംഗീകരിച്ചാല്‍പ്പോലും 10 വര്‍ഷത്തിനുശേഷം നടക്കുന്ന ശമ്പളപരിഷ്‌കരണത്തിലെ മിനിമം വര്‍ധന കേവലം 5800 രൂപ മാത്രമാണെന്നും അസോസിയേഷന്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top