കോഴിക്കോട് എന്‍ ഐ ടി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അമേരിക്കയിലെ നോര്‍ത്ത് ടെക്‌സസ് യൂണിവേഴ്‌സിറ്റിയുടെ ബിരുദാനന്തര ബിരുദവും

കോഴിക്കോട് എന്‍ ഐ ടി യിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ഇരട്ട ബിരുദാനന്തര ബിരുദം നല്‍കുന്നതിന് കോഴിക്കോട് എന്‍ ഐ ടി യും നോര്‍ത്ത് ടെക്‌സസ് യൂണിവേഴ്‌സിറ്റിയുമായി (യുഎന്‍ടി) ആര്‍ട്ടിക്കുലേഷന്‍ കരാറില്‍ ഒപ്പുവച്ചു. ഈ പങ്കാളിത്തം കോഴിക്കോട് എന്‍ ഐ ടി യിലെ ബയോസയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് NITC-യില്‍ നിന്ന് ബയോ എഞ്ചിനീയറിംഗില്‍ എം ടെക്കും ഉം UNT-ല്‍ നിന്ന് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ MS ഉം നേടാനുള്ള അവസരം നല്‍കുന്നു.

ഈ പ്രോഗ്രാമിന് കീഴില്‍, വിദ്യാര്‍ത്ഥികള്‍ NITC-യില്‍ ഒരു വര്‍ഷത്തെ കോഴ്‌സ് വര്‍ക്ക് പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആസ്ഥാനമായുള്ള യുഎന്‍ടിയില്‍ ഒരു വര്‍ഷത്തെ പഠനവും തീസിസ് വര്‍ക്കും പൂര്‍ത്തിയാക്കുകയും ചെയ്യും. ഈ കരാര്‍ തടസ്സങ്ങളില്ലാത്ത ക്രെഡിറ്റ് കൈമാറ്റങ്ങള്‍ സുഗമമാക്കുകയും അന്തര്‍ദ്ദേശീയ അവസരങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നതോടൊപ്പം ബയോ എഞ്ചിനീയറിംഗില്‍ വിപുലമായ വൈദഗ്ധ്യവും നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും.

NITC-യുടെ ആദ്യ അന്താരാഷ്ട്ര ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമാണിത്, വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള വിദ്യാഭ്യാസ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പദ്ധതി. പ്രശസ്തമായ അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായി കൂടുതല്‍ ഇരട്ട, സംയുക്ത ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിന് സ്ഥാപനം തയ്യാറെടുക്കുകയാണെന്ന് NITC ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തെ അന്തര്‍ദേശീയവല്‍ക്കരിക്കുന്നതില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

യുഎന്‍ടിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡീന്‍ പ്രൊഫ. പോള്‍ ക്രൂഗര്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ബയോ എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ സയന്‍സസ് മേഖലകളില്‍ ലഭ്യമായ എണ്ണമറ്റ അവസരങ്ങള്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. യു എന്‍ ടി യില്‍ മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ചെയ്യാനുള്ള അവസരങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്‍ഐടിസിയുടെ സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ നൂറിലധികം വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. ഡോ.എം.കെ. രവിവര്‍മ, ഡീന്‍ (ഇന്റര്‍നാഷണല്‍, അലുംനി ആന്‍ഡ് കോര്‍പ്പറേറ്റ് റിലേഷന്‍സ്), ബംഗളൂരുവിലെ ട്രാന്‍സ് ഡിസിപ്ലിനറി ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. ടി.പി. സേതുമാധവന്‍, എന്‍ഐടിസിയുടെ ബയോസയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. ബൈജു ജി നായര്‍ എന്നിവര്‍ സംസാരിച്ചു. യുഎന്‍ടിയിലെ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് ചെയര്‍ പ്രൊഫ. വിജയ് വൈദ്യനാഥന്‍ വീഡിയോ കോണ്‍ഫെറെന്‍സിങ് വഴി പരിപാടിയില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top