കോഴിക്കോട് മത്സ്യത്തൊഴിലാളിയുടെ മരണം ; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് മക്കട പറമ്പത്ത് താഴത്ത് വീട്ടില്‍ രജനീഷ് എന്ന മത്സ്യത്തൊഴിലാളി, വെള്ളയില്‍ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം വിട്ട് കനോലി കനാലില്‍ വീണ് മരണപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. അടുത്ത മാസം 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

ജനുവരി 9 നാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് പുതിയങ്ങാടി വഴി ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന രജനീഷിനെ പോലീസ് പിന്തുടര്‍ന്നതായി ഭാര്യ പ്രേമ നല്‍കിയ പരാതിയില്‍ പറയുന്നു.

രജനീഷ് കനാലില്‍ വീഴുന്നത് കണ്ടിട്ടും പോലീസ് നോക്കിനിന്നുവെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്നും പരാതിയിലുണ്ട്. ഒരു മണിക്കൂറിന് ശേഷം പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. രജനീഷ് അബദ്ധത്തില്‍ കനാലില്‍ വീണതായി വരുത്തി തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഭാര്യ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top