Section

malabari-logo-mobile

വേനല്‍ ചൂടില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

HIGHLIGHTS : Kozhikode District Collector has issued instructions in summer heat

കോഴിക്കോട്: ജില്ലയില്‍ വേനല്‍ ചൂട് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വേനല്‍ ചൂടിന്റെയും വരള്‍ച്ചയുടെയും കാഠിന്യം കൊണ്ട് ഉണ്ടായേക്കാവുന്ന ദുരിതങ്ങള്‍ കുറയ്ക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവിറക്കി.

കുടിവെള്ള വിതരണ ശൃംഖലയിലെ എല്ലാ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി തടസ്സങ്ങള്‍ ഇല്ലാതെ ജല വിതരണം ഉറപ്പാക്കാന്‍ ജലവിഭവ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്‍ ആരംഭിക്കുന്നതിനും കൃത്യമായ മോണിറ്ററിങ് ഉറപ്പുവരുത്താനും നിര്‍ദ്ദേശമുണ്ട്.

sameeksha-malabarinews

പമ്പിങ് സ്റ്റേഷനുകളിലും കുടിവെള്ള വിതരണ കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങാന്‍ ഇടയാകരുതെന്ന് കെ എസ് ഇ ബിയോട് നിര്‍ദ്ദേശിച്ചു.
ജല ലഭ്യത അനുസരിച്ച് കൃത്യമായി കനാല്‍ വഴി ജലവിതരണം കാര്യക്ഷമമാക്കാനും പമ്പിങ് സ്റ്റേഷനുകളില്‍ ആവശ്യത്തിനുള്ള ജലവിതാനം ഉറപ്പുവരുത്തുന്നതിനും ജല അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ വാട്ടര്‍ കിയോസ്‌ക് വഴിയും ടാങ്കര്‍ വഴിയും കുടിവെള്ള വിതരണം നടത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പൊതുസ്രോതസ്സുകള്‍ മലിനീകരണ മുക്തമാക്കുന്ന നടപടികള്‍ സ്വീകരിക്കാനും കുടിവെള്ളത്തിന്റെ ദുരുപയോഗം തടയുന്നതിന് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ക്ക് കുടിവെള്ളം,സംഭാരം എന്നിവ നല്‍കാനായി തിരക്കുള്ള തെരുവുകള്‍ വ്യാപാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ ഒരുക്കാനും തദ്ദേശസ്വയംഭരണ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.

വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഫാമുകളില്‍ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുകയും വായു സഞ്ചാരമുള്ള ഷെല്‍ട്ടര്‍ ഉറപ്പുവരുത്തുകയും വേണമെന്ന് മൃഗസംരക്ഷണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ചൂടു വര്‍ദ്ധിക്കുന്ന കാലാവസ്ഥയില്‍ വാഹനങ്ങളില്‍ കുത്തിനിറച്ചു കൊണ്ടുപോകുന്നത് തടയുവാനും നിര്‍ദ്ദേശമുണ്ട്.

കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തണമെന്നും ഇത് തടയാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കാട്ടു മൃഗങ്ങള്‍ കുടിവെള്ളത്തിനായി നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനത്തിനുള്ളിലെ തടാകങ്ങളില്‍ വെള്ളം നിറയ്ക്കാനും, കൃത്രിമ തടാകങ്ങള്‍ നിര്‍മ്മിക്കാനും നിര്‍ദ്ദേശം നല്‍കി.

കരിമരുന്ന് -പടക്ക നിര്‍മ്മാണശാലകളില്‍ പരിശോധന നടത്താന്‍ അഗ്‌നിരക്ഷാസേനയെ ഏല്‍പ്പിച്ചു. പ്രധാന ഓഫീസുകളിലും ആശുപത്രികളിലും കെട്ടിട സമുച്ചയങ്ങളിലും ഫയര്‍ ഓഡിറ്റിങ്ങിന് സൗകര്യമൊരുക്കണം. മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ നിരന്തര പരിശോധന നടത്താനും മാലിന്യത്തിനും ഉണങ്ങിയ പുല്ലിനും തീയിടുന്നതിനെതിരെ ബോധവല്‍ക്കരണവും നടത്താനും നിര്‍ദ്ദേശം നല്‍കി.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജീവന്‍ രക്ഷാ മരുന്നുകളും അവശ്യ മരുന്നുകളും ഒ ആര്‍ എസ് സ്റ്റോക്കും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സൂര്യഘാതം, പൊള്ളല്‍ എന്നിവയ്ക്കുള്ള ചികിത്സ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുവാനും, പകര്‍ച്ചവ്യാധി രോഗങ്ങള്‍ കണ്ടെത്തിയാല്‍ അടയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ആശാവര്‍ക്കര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി.

തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കടുത്ത ചൂടുള്ള സമയങ്ങള്‍ ഒഴിവാക്കുന്ന രീതിയില്‍ ജോലി സമയം ക്രമീകരിക്കാനുള്ള നടപടി ലേബര്‍ ഓഫീസര്‍ സ്വീകരിക്കണം. ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി ആരോഗ്യകരമായ സാഹചര്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം.

തീപിടുത്ത സാധ്യതയുള്ള സ്ഥലങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താനും അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും പോലീസിനെ ചുമതലപ്പെടുത്തി. ട്രാഫിക് ഡ്യൂട്ടി പോലെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സംരക്ഷണവും നല്‍കണമെന്നുംനിര്‍ദ്ദേശം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!