കോവിഡ് മുന്‍കരുതലോടെ കീം പ്രവേശന പരീക്ഷ നടന്നു

file photo
file photo

കോഴിക്കോട് : ജില്ലയില്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് ഫാര്‍മസി/ എന്‍ജിനീയറിങ് പ്രവേശനങ്ങള്‍ക്കായുള്ള കീം പ്രവേശന പരീക്ഷ നടന്നു. 37 സെന്ററുകളിലായാണ് പരീക്ഷ നടന്നത്. രാവിലെ 10 മുതല്‍ 12.30 വരെ എന്‍ജിനീയറിങ്, ഫാര്‍മസി പരീക്ഷയും ശേഷം 2.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ എന്‍ജിനീയറിങ് പരീക്ഷാര്‍ത്ഥികള്‍ക്ക് മാത്രമായി മാത്‌സ് വിഷയത്തിലുമായാണ് പരീക്ഷ നടന്നത്. രാവിലെ നടന്ന പരീക്ഷയില്‍ 10262 വിദ്യാര്‍ത്ഥികളും ഉച്ചയ്ക്ക് ശേഷം നടന്ന പരീക്ഷയില്‍ 7625 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി. 82 ശതമാനം വിദ്യാര്‍ത്ഥികള്‍ രാവിലെ നടന്ന പരീക്ഷയും 78 ശതമാനം വിദ്യാര്‍ഥികള്‍ ഉച്ചയ്ക്കുശേഷം നടന്ന പരീക്ഷയും എഴുതി.

രാവിലെ എട്ടുമണിയോടെ തന്നെ പരീക്ഷാര്‍ഥികള്‍ സെന്ററുകളില്‍ എത്തി തുടങ്ങിയിരുന്നു. ഒരോ സ്‌കൂളിലും പത്തോളം സന്നദ്ധപ്രവര്‍ത്തകരാണ് ആരോഗ്യചട്ടങ്ങള്‍ അനുസരിച്ച് വിദ്യാര്‍ഥികളെ സ്വീകരിച്ചത്. കൈ കഴുകി, സാനിറ്റൈസിങ് നടത്തി, താപനില പരിശോധിച്ച ശേഷമാണ് വിദ്യാര്‍ഥികളെ ഹാളിലേക്ക് കയറ്റിയത്. ഒരു മുറിയില്‍ 20 വിദ്യാര്‍ത്ഥികളെയാണ് പ്രവേശിപ്പിച്ചത്. ക്വാറന്റൈനിലുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മുറി സജ്ജീകരിച്ചിരുന്നു. ഇത്തരം മുറികളില്‍ 24 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഉച്ചയ്ക്ക് ശേഷം ഒമ്പത് പരീക്ഷ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തിയില്ല. പല കേന്ദ്രങ്ങളിലും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ കോമ്പൗണ്ടില്‍ ഇരിക്കാന്‍ സന്നദ്ധ സേവ പ്രവര്‍ത്തകര്‍ സൗകര്യമൊരുക്കി. സ്ഥലപരിമിതി ഉള്ള കേന്ദ്രങ്ങളില്‍ രക്ഷിതാക്കളെ കോമ്പൗണ്ടിനുള്ളിലേക്ക് കയറ്റിയില്ല. മുഴുവന്‍ കേന്ദ്രങ്ങളിലും പരീക്ഷ സുഗമമായി പൂര്‍ത്തിയാക്കി. പരീക്ഷാ കേന്ദ്രങ്ങളില്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, തദ്ദേശ സ്ഥാപനം എന്നീ വകുപ്പുകളുടെ സേവനവും ലഭ്യമാക്കിയിരുന്നു.രാവിലെ 10 മണിക്ക് തുടങ്ങിയ പരീക്ഷ വൈകീട്ട് അഞ്ച് മണിയോടെ പൂര്‍ത്തിയായി.

Share news
error: Content is protected !!
Scroll to Top