Section

malabari-logo-mobile

കേന്ദ്ര അവഗണനക്കെതിരെ കേരളം ഇന്ന് ദില്ലിയില്‍

HIGHLIGHTS : Kerala today in Delhi against central neglect

ന്യൂഡല്‍ഹി: കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് മുഖംതിരിക്കുന്ന കേന്ദ്രനിലപാടിനെതിരായ പ്രതിഷേധത്തിന് ഇന്ന് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കും. കേന്ദ്രസര്‍ക്കാരിന്റെ നിരന്തര അവഗണനയ്‌ക്കെതിരെയാണ് രാജ്യതലസ്ഥാനത്ത് ഇന്ന് കേരളത്തിന്റെ സമരം. ദില്ലിയിലെ ജന്തര്‍ മന്തറിലാണ് പ്രതിഷേധം. കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.ഇന്നലെ കര്‍ണാടകത്തിലെ നേതാക്കള്‍ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുക. കേരളത്തിന്റെ മുന്നോട്ടുപോക്കിനും അതിജീവനത്തിനും അനിവാര്യമായതോടെയാണ് സംസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സമരമാണിത്. ആരെയും തോല്‍പ്പിക്കുകയല്ല ലക്ഷ്യം. അര്‍ഹതപ്പെട്ടത് നേടിയെടുക്കുക എന്നതാണ്. രാജ്യമാകെ കേരളത്തിന്റെ സമരത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമരത്തിന് കക്ഷിരാഷ്ട്രീയ നിറമില്ല. സഹകരണ ഫെഡറലിസത്തിന്റെ അന്തസ്സത്ത ചോര്‍ത്തുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും പാര്‍ലമെന്റംഗങ്ങളും പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജന്തര്‍മന്തറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 10.30ന് കേരള ഹൗസിനു മുന്നില്‍നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജാഥയായി സമരവേദിയിലേക്ക് നീങ്ങും. പ്രതിഷേധം ഉച്ചവരെ തുടരും. എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഡല്‍ഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. സഹകരണ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഏടായി സമരം മാറും.ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വ്യാഴാഴ്ച എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരളത്തിലാകെ പ്രതിഷേധ റാലികളും ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കും.

sameeksha-malabarinews

രാജ്യത്തെ 17 ബിജെപി ഭരണ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാരിന് ലാളനയും എന്‍ഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് പീഡനവുമാണ്. ആ നടപടിക്കെതിരെയാണ് പ്രതീകാത്മകമായ പ്രതിരോധം. പിന്തുണ അഭ്യര്‍ഥിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്. കേരളത്തിന്റെ സമരത്തിന് പിന്തുണ അറിയിച്ച കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി അറിയിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിനാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കാനിടയില്ല. എന്തുകൊണ്ട് കേരളത്തിന്റെ താല്‍പ്പര്യത്തിന് പ്രതിപക്ഷം എതിര് നില്‍ക്കുന്നുവെന്ന് മനസ്സിലാകുന്നില്ല. ആദ്യം ആലോചിച്ചത് അവരുമായാണ്. എന്നാല്‍, മറുപടി നിഷേധരൂപത്തിലായിരുന്നു.
കൂടുതല്‍ മികവിലേക്ക് പോകാന്‍ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം തടസ്സം സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പ്രളയങ്ങളുടെയും മഹാമാരിയുടെയും ഘട്ടങ്ങളില്‍ അര്‍ഹമായ സഹായങ്ങള്‍ ലഭ്യമാക്കിയില്ലെന്നു മാത്രമല്ല, അവ മുടക്കാനും ശ്രമിച്ചു. ഭണഘടനാവിരുദ്ധമായ നടപടികളിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു. കിഫ്ബിപോലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ എടുക്കുന്ന വായ്പകളും സര്‍ക്കാരിന്റെ വായ്പയായി പരിഗണിച്ച് കടമെടുപ്പു പരിധി ചുരുക്കുന്നു. ഹെല്‍ത്ത് മിഷന്‍, യുജിസി, മൂലധന ചെലവിനുള്ള വായ്പാസഹായം തുടങ്ങി കേരളത്തിന് അര്‍ഹതപ്പെട്ട 4350 കോടി രൂപയുടെ ഗ്രാന്റുകള്‍ തടഞ്ഞുവച്ചു.

കേരളത്തിന്റെ നികുതിവിഹിതം 3.8 ശതമാനമായിരുന്നത് 1.9 ശതമാനമായി വെട്ടിച്ചുരുക്കി. ജിഎസ്ടി നടപ്പായപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് 44 ശതമാനം നികുതി അവകാശം അടിയറവ് വയ്ക്കേണ്ടിവന്നു. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷംകൊണ്ട് അവസാനിപ്പിച്ചു. 2020- 24 കാലയളവില്‍ ലഭിച്ച റവന്യുകമ്മി ഗ്രാന്റും അവസാനിപ്പിക്കുകയാണ്. എയിംസുപോലുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല. കേന്ദ്ര ബജറ്റില്‍ കേരളമെന്ന വാക്കുപോലുമില്ല. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ നടപടിയില്ല. സില്‍വര്‍ലൈന്‍ അടക്കം നിരാകരിച്ചു. സാമ്രാജ്യത്വകാലത്തെ റസിഡന്റുമാരെപ്പോലെയാണ് ഗവര്‍ണറുടെ പെരുമാറ്റം. ഇന്ത്യയുടെ ഐക്യത്തിനും ഭദ്രതയ്ക്കും ശക്തമായ കേന്ദ്രവും ശാക്തീകരിക്കപ്പെട്ട സംസ്ഥാനങ്ങളും അനിവാര്യമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സുപ്രധാന ചുവടുവയ്പാണ് ഡല്‍ഹി സമരം മുഖ്യമന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!