malabarinews

Section

malabari-logo-mobile

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി കേരളം മാറണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

HIGHLIGHTS : നൂതന സാങ്കേതിക വിദ്യകളെ സാധാരണ ജനങ്ങളിലെത്തിച്ച് മാലിന്യ സംസ്‌കരണത്തില്‍ കേരളം മാതൃക തീര്‍ക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന...

sameeksha-malabarinews
നൂതന സാങ്കേതിക വിദ്യകളെ സാധാരണ ജനങ്ങളിലെത്തിച്ച് മാലിന്യ സംസ്‌കരണത്തില്‍ കേരളം മാതൃക തീര്‍ക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷനടക്കമുള്ള സംവിധാനങ്ങളും സ്വച്ഛ് ടെക്നോളജി ചലഞ്ചിലെ ആശയങ്ങളും ഇതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹരിതമിത്രം – സ്മാര്‍ട്ട് ഗാര്‍ബേജ് മോണിട്ടറിംഗ് സിസ്റ്റം ആപ്ലിക്കേഷന്റെ സംസ്ഥാനതല ഉദ്ഘാടനവും ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ മാലിന്യ സംസ്‌കരണ രംഗത്തെ നൂതനാശയങ്ങള്‍ക്കായി സംഘടിപ്പിച്ച സ്വച്ഛ് ടെക്‌നോളജി ചലഞ്ചിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു
അദ്ദേഹം.

സ്വച്ഛ് ടെക്നോളജി ചലഞ്ച് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും പ്രശസ്തി പത്രവും മന്ത്രി സമ്മാനിച്ചു.ശുചിത്വ മിഷന്‍ എക്സികുട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്‌കരന്‍ സ്വാഗതം ആശംസിച്ചചടങ്ങില്‍ നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ.ടി എന്‍ സീമ അധ്യക്ഷത വഹിച്ചു. കെല്‍ട്രോണ്‍ സി എം ഡി എന്‍ നാരായണമൂര്‍ത്തി വീഡിയോ ടുട്ടോറിയല്‍ പ്രകാശനവും നിര്‍വഹിച്ചു. ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ചെയര്‍മാന്‍ ലോഗോ പ്രകാശിപ്പിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡി ബാലമുരളി ബ്രോഷര്‍ ഏറ്റുവാങ്ങി. നഗരകാര്യ വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ വിജയന്‍, വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ എം ലാണ്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹരിതകേരളം കണ്‍സള്‍ട്ടന്റ് ടി പി സുധാകരന്‍ ചടങ്ങിന് നന്ദി അര്‍പ്പിച്ചു.

മാലിന്യ സംസ്‌കരണ രംഗത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി വേഗത്തിലുള്ള മാറ്റങ്ങള്‍ക്ക് ഹരിതകേരളം മിഷന്റെ മേല്‍നോട്ടത്തില്‍ ശുചിത്വ മിഷന്‍ ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി മാലിന്യ ശേഖരണവും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡ് തലങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനും സുതാര്യമായി മാലിന്യശേഖരണ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്ന രീതിയില്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിട്ടറിംഗ് സിസ്റ്റം എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറായിരിക്കുകയാണ്. ഈ ആപ്ലിക്കേഷന്റെ സഹായത്തോടുകൂടി മാലിന്യശേഖരണം, തരം തിരിക്കല്‍, കൈമാറ്റം എന്നിവയുടെ സമ്പൂര്‍ണ വിവരശേഖരണം നടത്തുവാനും തദ്ദേശ സ്വയംഭരണ സ്ഥാപന തലം മുതല്‍ സംസ്ഥാന തലം വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തന നിരീക്ഷണം ഉറപ്പു വരുത്തുവാനും സാധിക്കും.

മാലിന്യ നിര്‍മാര്‍ജന രംഗത്ത് പ്രാദേശികമായി വികസിപ്പിച്ച നൂതനാശങ്ങള്‍ കണ്ടെത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ‘സ്വച്ഛ് ടെക്നോളജി ചലഞ്ച്’ സംഘടിപ്പിച്ചു. എല്ലാ നഗരസഭാ/കോര്‍പ്റേഷനുകളുടെയും പ്രാതിനിധ്യത്തോടെയാണ് മല്‍സരം സംഘടിപ്പിച്ചത്.

‘മാലിന്യ രഹിത നഗരങ്ങള്‍’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ സഹായകമാവുന്ന തരത്തില്‍ സാമൂഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ചെലവ് കുറഞ്ഞ സാങ്കേതിക പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സ്വച്ഛ് ടെക്നോളജി ചലഞ്ച് ലക്ഷ്യമാക്കുന്നു. മല്‍സരത്തില്‍ ഡോ. മിനി കെ മാധവന്‍ ഒന്നാം സ്ഥാനവും നിഖില്‍ ദേവ് രണ്ടാം സ്ഥാനവും ഡോ. സി എന്‍ മനോജ്, മൂന്നാം സ്ഥാനവും നേടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News