മലപ്പുറം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് കോടി രൂപ വീതം അനുവദിച്ച ജി വി എച്ച് എസ് എസ് വേങ്ങര, ജി എച്ച് എസ് നെടുവ എന്നീ സ്‌കൂളുകളുടെ ഉദ്ഘാടനം നാളെ (09.09.2020) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും.
വേങ്ങരയില്‍ കെ എന്‍ എ ഖാദര്‍ എം എല്‍ എ യും നെടുവയില്‍ പി. കെ. അബ്ദുറബ് എം എല്‍ എ യും ശിലാഫലകം അനാഛാദനം ചെയ്യും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു നന്ദിയും പറയും.
അഞ്ച് കോടി രൂപ ചെലവില്‍ 16 സ്‌കൂളുകളാണ് മലപ്പുറം ജില്ലയില്‍ നിര്‍മ്മിക്കുന്നത്. അതില്‍ നാലെണ്ണത്തിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞിരുന്നു. ബാക്കി വരുന്ന സ്‌കൂളുകളില്‍ ജി എച്ച് എസ് എസ് തുവൂര്‍, ജി എച്ച് എസ് എസ് പാണ്ടിക്കാട്, ജി എച്ച് എസ് എസ് കുഴിമണ്ണ എന്നീ സ്‌കൂളുകള്‍ അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്നും ബാക്കിയുള്ള സ്‌കൂളുകള്‍ തൊട്ടടുത്ത മാസം തന്നെ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ എം മണ്ി അറിയിച്ചു.
മൂന്നു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച എം എസ് പി എച്ച് എസ് എസ് മലപ്പുറം, ജി ബി എച്ച് എസ് എസ് മഞ്ചേരി, ജി എച്ച് എസ് എസ് എടപ്പാള്‍, ജി എച്ച് എസ് എസ് പൂക്കോട്ടൂര്‍, ജി എച്ച് എസ് എസ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോംപ്ലക്‌സ് എന്നീ സ്‌കൂളുകള്‍ പണി പൂര്‍ത്തിയാക്കി ഹാന്റ്ഓവര്‍ ചെയ്തതായി കോ. ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഇവയും അടുത്ത ആഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.



