HIGHLIGHTS : Kerala brand certificates were distributed to 3 coconut oil producers
കോഴിക്കോട്:കേരള ബ്രാന്‍ഡ് താലൂക്ക്തല സെലക്ഷന്‍ കമ്മറ്റിയുടെ അംഗീകാരം ലഭിച്ച ജില്ലയിലെ മൂന്ന് വെളിച്ചെണ്ണ നിര്‍മാതാക്കള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ദി കേരള മലനാട് കര്‍ഷക പ്രൊഡ്യൂസ് കോപ്പറേറ്റിവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി-തിരുവമ്പാടി, ശ്രീ ഷണ്മുഖ കോക്കനട്ട് ഡ്രൈയിംഗ് ആന്റ് ഓയില്‍ മില്‍- രാമനാട്ടുകര, എന്‍എംഡിസി ഓയില്‍ മില്‍- വടകര എന്നീ സ്ഥാപനങ്ങള്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ ‘കേരളാ ബ്രാന്‍ഡ’ അനുവദിച്ചു നല്‍കിയത്.
സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് യഥാക്രമം പ്രശാന്ത് കമാര്‍ പി എന്‍, ജയപാലന്‍ എം, നിഷാജ് എന്നിവര്‍ അംഗീകാരം ഏറ്റുവാങ്ങി.
കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ആഗോള ഗുണനിലവാരം കൊണ്ട് വരികയും, അതുവഴി ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണന സാധ്യത കൂട്ടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ‘കേരളാ ബ്രാന്‍ഡ്’.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ നിതിന്‍ പി, കോഴിക്കോട് താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ ജെയിന്‍ സി ജെ, വടകര താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ പ്രണവന്‍ വി പി എന്നിവര്‍ സന്നിഹിതരായിരുന്നു.