കണ്ണൂര്‍ മാഹിയില്‍ സിപിഎം നേതാവും ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു;രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് എഫ്‌ഐആര്‍

കണ്ണൂര്‍: മാഹി പള്ളൂരില്‍ തിങ്കളാഴ്ച രാത്രി സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു.സിപിഎം നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു(47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പ് വീട്ടില്‍ യു സി ഷമേജ് (36) എന്നിവരാണ് മരിച്ചത്.

സംഭവം രാഷ്ട്രീയക്കൊലപാതകങ്ങള്‍ തന്നെയാണെന്ന് എഫ്‌ഐആര്‍. ഷമേജിന്റേത് ബാബുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയെന്നും എഫ്‌ഐആര്‍.

പള്ളൂര്‍ കൊ.യ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനുസമീപം വെച്ചാണ് തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ ബാബുവിന് വെട്ടേറ്റത്. ഇതിനു പിന്നാലെയാണ് ഓട്ടോറിക്ഷ ഡ്രൈവറായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബാബുവിന് വെട്ടേറ്റത്.

ബാബുവിന്റെ വധത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മും ഷമേജിന്റെ വധത്തില്‍ പ്രതിഷേധിച്ച് ബിജെപിയും മാഹിയിലും കണ്ണൂരിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ബാബുവിന്റെ ഭാര്യ: അനിത. മക്കള്‍: അനാമിക, സുപ്രിയ, അനുനന്ദ്. പരേതനായ കണ്ണിപ്പൊയില്‍ ബാലന്റെയും സരോജിനിയുടെയും മകനാണ്. പറമ്പത്ത് മാധവന്റെയും വിമലയുടെയും മകനാണ് ഷമേജ്. ഭാര്യ:ദീപ. മകന്‍: അഭിനവ്.

ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. മാറ്റിയ തിയ്യതികള്‍ പിന്നീട് അറിയിക്കും.