കളിയാട്ടമുക്കില്‍ വന്‍ മയക്കുമരുന്നു വേട്ട;യുവാവ് പിടിയില്‍

തിരൂരങ്ങാടി: കളിയാട്ടമൂക്കില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാനസിക രോഗത്തിനും വേദനക്കും മറ്റുമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന 705 അല്‍പ്രസോളം ഗുളികകളും 200 ക്ലോണസെപാം ഗുളികകളുമാണ് പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പാറേക്കാവ് സ്വദേശി പുത്തന്‍ മാളിയേക്കല്‍ ഫായിസ്(30)ആണ് പിടിയിലായത്.

ഡോക്ടര്‍മാര്‍ സെഡേഷനുവേണ്ടി നല്‍കുന്ന ഈ ഗുളികള്‍ പ്രിസ്‌ക്രിപ്ഷനില്ലാതെ ഒരുകാരണവശാലും നല്‍കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഒരു മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ അനധികൃതമായി ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍പ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്താനായതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദ് പറഞ്ഞു. ഓട്ടോറിക്ഷയില്‍ ഈ ഗുളികള്‍ വില്‍പ്പന നടത്താനായി പോകുന്നതിനിടയിലാണ് ഇയാള്‍ ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. മലപ്പുറം ജില്ലയില്‍ തന്നെ ഇത്രയധികം മയക്കുമരുന്നു ഗുളികകള്‍ പിടിച്ചെടുത്ത കേസുകള്‍ കുറവാണ്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ യൂസഫലി, ബിജു, മുരുകന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മായ, ലിഷ, ഡ്രൈവര്‍ ഷജില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top