കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം 80 ശതമാനത്തോളം പൂര്‍ത്തിയായി

സംസ്ഥാനത്ത് 14 ജില്ലകളിലുമായി കെഎസ്ആര്‍ടിസി പെന്‍ഷന്‍ 78.62 ശതമാനം വിതരണം ചെയ്തു.ഏറ്റവും കൂടുതല്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായത് കാസര്‍കോട് ജില്ലയിലാണ് (93.26). ഇടുക്കി ജില്ലയില്‍ 91.46 ശതമാനം പെന്‍ഷന്‍ വിതരണം ചെയ്തു. മലപ്പുറത്ത് 90 ശതമാനത്തോളം പെന്‍ഷന്‍ വിതരണം ചെയ്തു. 85 ശതമാനം പെന്‍ഷന്‍കാരാണ് ഇതുവരെ സഹകരണ ബാങ്കുകളില്‍ പെന്‍ഷന്‍ ലഭിക്കുന്നതിനായി അക്കൗണ്ട് തുറന്നത്.

അക്കൗണ്ട് തുറക്കുന്നതിന് പിന്നാലെ കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ തുക വിതരണം ചെയ്തുവരുന്നുണ്ട്. 169 കോടിയോളം രൂപയാണ് ഇതേവരെ സഹകരണ ബാങ്കുകള്‍ വഴി കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് നല്‍കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 37934 കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 84.98ശതമാനം പെന്‍ഷന്‍കാരാണ് സഹകരണ ബാങ്കുകളില്‍ നിന്ന് പെന്‍ഷന്‍ കിട്ടുന്നതിനായി ഇതേവരെ അക്കൗണ്ട് തുറന്നിട്ടുള്ളത്. ഇനിയും അക്കൗണ്ട് തുറക്കാത്ത കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ എത്രയും വേഗം അക്കൗണ്ട് തുറന്ന് പെന്‍ഷന്‍ തുക കുടിശ്ശിക സഹിതം ഏറ്റുവാങ്ങണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

219 കോടി രൂപയാണ് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി ആദ്യഗഡുവായി സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം സമാഹരിച്ചു നല്‍കിയത്. 14 ജില്ലകളിലെയും പെന്‍ഷന്‍ വിതരണം നടത്തുന്ന സഹകരണ സംഘങ്ങള്‍ക്കും മുഴുവന്‍ തുകയും യഥാക്രമം കൈമാറിയിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.