നവി മുംബൈയിലെ ഖാര്‍ഖറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ മൂവര്‍ സംഘം ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തി. മോഷണ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവേ പ്രതികള്‍ ജനങ്ങള്‍ക്ക് നേരെയും വെടിയുതിര്‍ത്തു.ഇന്നലെ രാത്രി പത്ത് മണിയോടയാണ് സംഭവം.
ജ്വല്ലറിയില്‍ എത്തിയ പ്രതികള്‍ ഉടനെ തോക്ക് ചൂണ്ടി ജീവനക്കാരെ പരിഭ്രാന്തരാക്കി. അപായ സൈറന്‍ മുഴക്കാന്‍ ജീവനക്കാരില്‍ ഒരാള്‍ ശ്രമിച്ചതോടെ വെടിയുതിര്‍ത്തു. അഞ്ച് റൗണ്ട് വെടിയുതിര്‍ത്ത പ്രതികള്‍ കൗണ്ടറിലുണ്ടായിരുന്ന പണവും ഷെല്‍ഫിലെ സ്വര്‍ണവും കൈക്കലാക്കി.ഏകദേശം പതിനൊന്ന് ലക്ഷത്തോളം രൂപയുടെ ആഭരണം മോഷ്ടിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചെത്തിയ ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
ജ്വല്ലറി ജീവനക്കാരുടെ ബഹളം കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തി പ്രതികളെ തടയാന്‍ ശ്രമിച്ചെങ്കിലും സംഘം ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ബൈക്കില്‍ പോകുന്ന സമയത്ത് പ്രതികള്‍ ജനങ്ങള്‍ക്ക് നേരെയും വെടിയുതിര്‍ത്തു അമിത വേഗതയില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.




