മരണവക്കില്‍ നിന്ന് യുവാവിന് പുതുജീവന്‍ നല്‍കിയ മുഹമ്മദ് ഹാഷിറിന്റെ ധീരതയ്ക്ക് ജീവന്‍ രക്ഷാ പതക് അവാര്‍ഡ്

ചേലേമ്പ്രയില്‍ കുളത്തില്‍ മുങ്ങിപ്പോയ 19 വയസ്സുകാരനെ മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീര ഇടപെടലിന് ചേലേമ്പ്ര ചെലൂപ്പാടം സ്വദേശിയായ എന്‍.കെ. മുഹമ്മദ് ഹാഷിര്‍ (31)ന് 2024 വര്‍ഷത്തെ ജീവന്‍ രക്ഷാ പതക് അവാര്‍ഡ്. 2023 ജനുവരി 24ന് ചേലേമ്പ്രയിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ ഹരിനന്ദും കൂട്ടുകാരനും കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സമീപത്തെ കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന നീന്തല്‍ പരിശീലകനായ ഹാഷിര്‍ അപകടവിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തി കുളത്തിന്റെ അരികില്‍ കല്ലില്‍  പിടിച്ച് ഭയന്ന് നില്‍ക്കുന്ന യുവാവിനെ ആശ്വസിപ്പിക്കുന്നതിനിടെയാണ് യുവാവിന്റെ സുഹൃത്തായ ഹരിനന്ദ്  രണ്ടാള്‍ താഴ്ചയുള്ള വെള്ളത്തില്‍ മുങ്ങിപ്പോയതായി അറിഞ്ഞത്. ഉടനെ ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെട്ട ശേഷം ഹാഷിര്‍ കുളത്തിലേക്ക് ചാടി ഹരിനന്ദിനെ രക്ഷിക്കുകയായിരുന്നു.

പുറത്തെടുത്തപ്പോള്‍ പള്‍സും ശ്വാസവും ഇല്ലെന്ന് മനസ്സിലാക്കിയ ഹാഷിര്‍ കുളത്തിനരികില്‍ കിടത്തി ഉടന്‍ സി.പി.ആര്‍ നല്‍കി. അഞ്ചാമത്തെ സൈക്കിളില്‍ ശ്വാസം തിരികെ ലഭിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൃത്യസമയത്ത് കൃത്യവും ശാസ്ത്രീയവുമായ പ്രഥമശുശ്രൂഷ നല്‍കിയതാണ് ഹരിനന്ദിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായതെന്ന് ചികിത്സിച്ച ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തി.

ഈ ധീര ഇടപെടലിനുള്ള അംഗീകാരമായി, 2024 വര്‍ഷത്തെ ജീവന്‍ രക്ഷാ പതക് അവാര്‍ഡ് ഹാഷിറിനെ തേടിയെത്തി. കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് -ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഹാഷിറിന് അവാര്‍ഡ് നല്‍കി. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍ (ദുരന്ത നിവാരണ വിഭാഗം) ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ (എല്‍.എ )എന്നിവര്‍ സന്നിഹിതരായിരുന്നു.  ഹാഷിറിനെ അവാര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തത് ഹരിനന്ദിന്റെ അച്ഛന്‍ അഡ്വ. പ്രശാന്ത് ആണ്. എന്നാല്‍ ഹാഷിര്‍ അവാര്‍ഡ് സ്വീകരിക്കുന്ന സന്തോഷ നിമിഷം കാണാന്‍ ആ അച്ഛന്‍ ഇന്ന് ഇല്ല.

നീന്തല്‍ പരിശീലകനും സന്നദ്ധപ്രവര്‍ത്തകനുമായ ഹാഷിര്‍ ചേലുപാടം അഞ്ചുവര്‍ഷത്തോളമായി ചേലേമ്പ്ര ഇടിമൂഴിക്കല്‍ പള്ളിക്കുളത്തില്‍ നീന്തല്‍ പരിശീലകനാണ്. യു.എ.ഇയുടെ ഇന്റര്‍നാഷനല്‍ ലൈഫ് ഗാര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഹാഷിര്‍ പ്രളയകാലങ്ങളിലുള്‍പ്പെടെ പ്രശംസനീയ സേവനം നടത്തിയിട്ടുണ്ട്. സ്വിമ്മിങ്, ഫ്രീ ഡൈവിംഗ് മേഖലകളില്‍ പരിശീലനം നേടിയ ഹാഷിര്‍ ഫ്രീ ഡൈവിങ് നാഷണല്‍ റെക്കോര്‍ഡ് ജേതാവാണ്.  നിലവില്‍ നീന്തല്‍ പരിശീലകനും ഫിന്‍സ്പോര്‍ട്സ് ആന്‍ഡ് സ്വിമ്മിങ് അക്കാദമിയുടെ സ്ഥാപകനും പരിശീലകനാണ്. കൂടാതെ അമേരിക്കന്‍ സ്വിമ്മിങ് കോചെസ് അസോസിയേഷന്‍ മെമ്പറും ഏഷ്യ ഫ്രീ ഡൈവിംഗ്  കോച്ചും സ്‌ക്യൂബാ റെസ്‌ക്യൂ ഡൈവറും ഇന്റര്‍നാഷണല്‍ സ്വിമ്മിങ് ലൈഫ് ഗാര്‍ഡുമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top