കോഴിക്കോട്:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിന്റിങ് പ്രസ്സുകളില്‍ മിന്നല്‍ പരിശോധന തുടരുന്നു.
കോര്‍പറേഷന്‍ പരിധിയിലെ ഏഴ് സ്ഥാപനങ്ങളില്‍നിന്ന് പ്രിന്റിങ്ങിനായി എത്തിച്ച 220 മീറ്റര്‍ നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്ത് സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. പിടിച്ചെടുത്ത വസ്തുക്കള്‍ കോര്‍പറേഷന് കൈമാറുകയും 10,000 രൂപ വീതം പിഴ ചുമത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പരിശോധനയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ്, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ ജ്യോതിഷ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിജു ജയറാം, ഇ പി ഷൈലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ നിരോധിച്ച വസ്തുക്കള്‍ പ്രിന്റിങ്ങിന്
ഉപയോഗിക്കരുതെന്നും എല്ലാ അസംസ്‌കൃത വസ്തുക്കള്‍ക്കും ക്യു ആര്‍ കോഡ് ലഭ്യമാക്കണമെന്നും
ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അംഗീകൃത സാക്ഷ്യപത്രം ലഭിക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.




