നാല് വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയത് 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം; മന്ത്രി ഡോ. ആര്‍ ബിന്ദു

HIGHLIGHTS : Infrastructure development worth Rs 6000 crore implemented in higher education sector in four years; Minister Dr. R Bindu

കോഴിക്കോട്:കഴിഞ്ഞ നാലു വര്‍ഷത്തില്‍ 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ പുതിയ വര്‍ക്ക്ഷോപ്പ്- ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ മുന്നോട്ടു വയ്ക്കുന്ന പ്രായോഗികവും നൂതനവുമായ ആശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ പോളിടെക്നിക് കോളജുകളിലും യങ് ഇന്നവേറ്റേഴ്സ് ക്ലബ് രൂപീകരിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ കാമ്പസുകളിലും യങ് ഇന്നവേറ്റേഴ്സ് സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിച്ച് സമൂഹത്തിനാവശ്യമായ സേവനങ്ങളും ഉല്‍പന്നങ്ങളും വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് നിലകളിലായി 3352 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പണിത വര്‍ക്ക്ഷോപ്പ് ലബോറട്ടറി കെട്ടിടം 10 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. വിവിധ തരത്തിലുള്ള 12 ലാബുകള്‍, വര്‍ക്ക്ഷോപ്പ്, ഡ്രോയിംഗ് ഹാള്‍, ലിഫ്റ്റ്, ജോബി, റാമ്പ്, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകള്‍ എന്നീ സൗകര്യങ്ങളാണ് ഇതിലുള്ളത്.

ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ സി ശോഭിത, സരിത പറയേരി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍(പിഎസ്) അനി എബ്രഹാം, വനിത പോളിടെക്നിക് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ടി എസ് ജയശ്രീ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ഉബൈബ, ജോയിന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് സി സ്വര്‍ണ്ണ, പിടിഎ വൈസ് പ്രസിഡന്റ് പി മുഹമ്മദ് റഫീഖ്, അലൂമിനി അസോസിയേഷന്‍ പ്രസിഡന്റ് എന്‍ ബേബി ഗിരിജ, സ്റ്റാഫ് ക്ലബ് സെക്രട്ടറി എം എന്‍ സിന്ധു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!