ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഘട്ട് രാജ്യത്തിനു സമര്‍പ്പിച്ചു

വിശാഖപട്ടണം : ഇന്ത്യയുടെ രണ്ടാമത്തെ ആണവോര്‍ജ്ജ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഘട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിനു സമര്‍പ്പിച്ചു. വിശാഖപട്ടണത്തെ ചടങ്ങിലാണ് അദ്ദേഹം അന്തര്‍വാഹിനി കമ്മിഷന്‍ ചെയ്തത്. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് ത്രിപാഠി, ഇന്ത്യന്‍ സ്ട്രാറ്റജിക് കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ സൂരജ് ബെറി, ഉന്നത ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയുടെ സ്ട്രാറ്റജിക് കമാന്‍ഡിന് കീഴിലായിരിക്കും എസ്എസ്ബിഎന്‍ പ്രവര്‍ത്തിക്കുക.

6,000 ടണ്‍ ഭാരമാണ് ഐഎന്‍എസ് അരിഘട്ട് 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ ബാലിസ്റ്റിക് മിസൈലുകളായ കെ-15 വഹിച്ച് ഇന്തോ- പസഫിക്ക് മേഖലയില്‍ പട്രോളിംഗിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. 112 മീറ്ററാണ് അരിഘട്ടിന്റെ നീളം. അരിഹന്തിന് സമാനമായ 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ് വാട്ടര്‍ റിയാക്ടര്‍ തന്നെയാണ് അരിഘട്ടിലും ഉപയോഗിച്ചിരിക്കുന്നത്. മാസങ്ങളോളം വെള്ളത്തിനടിയില്‍ തുടരാന്‍ ഇത് സഹായിക്കും. തദ്ദേശീയ ആണവ റിയാക്ടറും തദ്ദേശീയ ആണവ മിസൈലുമാണ് രണ്ട് അന്തര്‍വാഹിനികളിലും ഉള്ളത്.

ഐഎന്‍എസ് അരിഹന്ത് ആണ് ഇന്ത്യയുടെ ആദ്യ ആണവ ബാലിസ്റ്റിക് മിസൈല്‍ വാഹക അന്തര്‍വാഹിനി. രാജ്യത്തിന്റെ മൂന്നാം അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിദാമന്‍ (എസ് 4) അടുത്തവര്‍ഷം കമ്മിഷന്‍ ചെയ്യും. അരിഘട്ടിനും അരിഹന്തിനും അംഗീകാരം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് നാവികസേന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top