ഖത്തറിലെ ഇന്ത്യന്‍ എംബസി ഇനി ദഫ്‌നയില്‍

ദോഹ: സ്ഥല സൗകര്യത്തിന്റെ കുറവിനെ തുടര്‍ന്ന്‌ ബുദ്ധിമുട്ടിലായിരുന്ന ഖത്തറിലെ ഇന്ത്യന്‍ എംബസി ഇനി ദഫ്‌നയിലെ ഒനൈസയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. സോണ്‍ 63ല്‍ സ്ട്രീറ്റ് നമ്പര്‍ 941, അല്‍ ഐത്രിയ റോഡില്‍ 86, 90 വില്ലകളിലാകും രാജ്യത്തെ ഏറ്റവും തിരക്കേറിയ എംബസികളിലൊന്നായ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുക. ഹിലാലില്‍ നിന്നും ഡിപ്ളോമാറ്റിക് ഏരിയയിലേക്ക് മാറ്റുന്നതിന്‍്റെ ഭാഗമായി ജൂണ്‍ 22,23, 26 തിയ്യതികളില്‍ എംബസിയിലെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍, ഇക്കാലയളവില്‍ അടിയന്തിരമായ കേസുകളില്‍ ഇടപെടുന്നതിനുള്ള സൗകര്യങ്ങള്‍ എംബസി സൗകര്യപ്പെടുത്തിയിരുന്നതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, അടിയന്തരമല്ലാത്ത കോണ്‍സുലര്‍ കേസുകളുമായി ഇന്നലെ പുതിയ കെട്ടിടത്തിലത്തെിയവരുടെ അപേക്ഷകള്‍ സ്വീകരിച്ചു. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് പൂര്‍ണമായി സഹകരിച്ച ഖത്തര്‍ ഗവണ്‍മെന്‍റിന് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.

നേരത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട ഫോണ്‍, ഫാക്സ് നമ്പറുകളും ഇ മെയില്‍ അഡ്രസുകളും തന്നെയായിരിക്കും തുടര്‍ന്നുമുണ്ടാകുകയെന്നും എല്ലാം ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ന് മുതല്‍ പൂര്‍ണമായും കോണ്‍സുലര്‍ സര്‍വീസുകളും മറ്റു സേവനങ്ങളും പുതിയ കെട്ടിടത്തില്‍ ചെയ്തുകൊടുക്കും. സെപ്റ്റംബര്‍ 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് രാവിലെ എട്ട് മുതല്‍ 11.15 വരെയും വൈകിട്ട് മൂന്ന് മുതല്‍ 4.15 വരെ കോണ്‍സുലേറ്റില്‍ നിന്നും തിരിച്ചെടുക്കാന്‍ സാധിക്കുമെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ഓള്‍ഡ് ഹിലാലിലാണ് എംബസി പ്രവര്‍ത്തിച്ചിരുന്നത്.

പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത മേഖലയിലാണ് പുതുതായി എംബസി തുറക്കുന്നത്. അതിനാല്‍ സാധാരണക്കാര്‍ക്ക് പുതിയ എംബസി അപ്രാപ്യമാവുമെന്ന ആശങ്കയുണ്ട്.

Related Articles