ഇന്ത്യ-ചൈന യാത്രാ വിമാന സര്‍വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനഃരാരംഭിക്കാന്‍ ധാരണയായതായി വിദേശകാര്യ മന്ത്രാലയം (എം ഇ എ.) അറിയിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്. നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനും എയര്‍ സര്‍വീസസ് കരാര്‍ (എ എസ് എ) പരിഷ്‌കരിക്കുന്നതിനും ഈ വര്‍ഷം ആദ്യം മുതല്‍ ഇരുപക്ഷവും സാങ്കേതിക തലത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

ഈ ചര്‍ച്ചകളില്‍ ഒക്ടോബര്‍ അവസാനത്തോടെ, ശീതകാല ഷെഡ്യൂളിനനുസരിച്ച് സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ധാരണയായതായി വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്‍ഡിഗോ തങ്ങളുടെ ചൈനയിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 26 മുതല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഗ്വാങ്ഷൂവിലേക്ക് (സി എ എന്‍) പ്രതിദിന നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ഇന്‍ഡിഗോ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഇരു അയല്‍രാജ്യങ്ങളും തമ്മിലും ജനങ്ങള്‍ തമ്മിലുമുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും ഉഭയകക്ഷി കൈമാറ്റങ്ങള്‍ ക്രമേണ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഇത് സഹായകമാകുമെന്നും എം ഇ എ കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top