തൃശ്ശൂര്‍; ഇരിങ്ങാലക്കുട കരുപ്പടനന്നയില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.
കരുപ്പടന്ന മേപ്പുറത്ത് അലി(65) മരിച്ച സംഭവത്തിലാണ് ഭാര്യ സുഹറ(56) അറസ്റ്റിലായത്. മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് ഇരങ്ങാലക്കുട ഡിവൈഎസ്പി ബാബു.കെതോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രത്യേക അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അലിയെ തലക്കും വാരിയെല്ലിനും നട്ടെല്ലിനും പരിക്കുകളോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാത്തുറൂമില്‍ തലയടിച്ചുവീണ് പരിക്കേറ്റിട്ടാണ് അലി മരിച്ചതെന്ന് ഭാര്യ സുഹറ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ ഇത് വിശ്വസിക്കാന്‍ പോലീസ് സംഘം തയ്യാറായിരുന്നില്ല. അലിയുടെ ഖബറടക്കം കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ പോലീസ് സുഹറയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനൊടുവില്‍ സുഹ്‌റ കുറ്റം സമ്മതിക്കുകായായിരുന്നു.
സംഭവദിവസം താനും ഭര്‍ത്താവുമായി വഴക്കുണ്ടാകുകയും അലി തന്നെ വടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ വടി പിടിച്ചുവാങ്ങി അവര്‍ തിരിച്ചടിക്കുകയുമായിരുന്നെന്നാണ് സുഹ്‌റയുടെ മൊഴി. തുടര്‍ന്ന് നിലത്ത് വീണ അലി എഴുനേറ്റ് വന്ന് തന്നെ ആക്രമിക്കുമെന്ന ഭയം കൊണ്ട് വീണ്ടും വീണ്ടും അടിക്കുകയായിരുന്നെന്നും മൊഴി നല്‍കി.




