ചെന്നൈയില്‍ ഹോട്ടല്‍ വ്യാപാരിയെ കെട്ടിയിട്ട് 20 കോടിയുടെ വജ്രാഭരണം കവര്‍ന്നു;4പേര്‍ അറസ്റ്റില്‍

ചെന്നൈ: വ്യാപാരിയെ ഹോട്ടല്‍ മുറിയില്‍ കെട്ടിയിട്ട് വന്‍ കവര്‍ച്ച. വ്യാപാരിയില്‍ നിന്നും 20 കോടിയിലേറെ വിലവരുന്ന വജ്രാഭരണങ്ങളാണ് കവര്‍ന്നത്. ചെന്നൈ അണ്ണാനഗര്‍ സ്വദേശിയായ ചന്ദ്രശേഖറിനെയാണ് വട പളനിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം കെട്ടിയിട്ട് വജ്രാഭരണങ്ങള്‍ കവര്‍ന്നത്.

സംഭവത്തില്‍ മറ്റൊരു വജ്ര വ്യാപാരിയായ ലണ്ടന്‍ രാജനേയും ഇയാളുടെ കൂട്ടാളികളായ ഇടനിലക്കാരായ രണ്ട് പേരെയും ശിവകാശിയില്‍ നിന്ന് പോലീസ് പിടികൂടി. വജ്രം വാങ്ങാനെന്ന വ്യാജേന എത്തിയാണ് പ്രതികള്‍ ചന്ദ്രശേഖരനില്‍ നിന്നും കവര്‍ച്ച നടത്തിയത്. ഇവര്‍ക്ക് ആഭരണം നല്‍കി പണം വാങ്ങാനായാണ് ചന്ദ്രശേഖര്‍ മകള്‍ക്കൊപ്പം ഹോട്ടലില്‍ എത്തിയത്. എന്നാല്‍ ഹോട്ടല്‍ മുറിയിലേക്ക് ഇദേഹം ഒറ്റയ്ക്കാണ് കയറിപ്പോയത്. കയറിയ ഉടനെ തന്നെ നാലുപേര്‍ ഇദേഹത്തെ ആക്രമിക്കുകയും കെട്ടിയിട്ട ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു. ചന്ദ്രശേഖറിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ മകള്‍ ഹോട്ടല്‍ മുറിയില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇദേഹത്തെ കെട്ടിയിട്ട നിലയില്‍ കണ്ടത്.

സംഭവത്തില്‍ വടപളനി പോലീസ് കേസെടുത്തു. ഹോട്ടലില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവകാശിയിലെ ടോള്‍ പ്ലാസയ്ക്ക് സമീപം തൂത്തുക്കുടി പോലീസ് നടത്തിയ വാഹന പരിശോധനയില്‍ പ്രതികള്‍ പിടിയിലാകുകയുമായിരുന്നു.

Share news
error: Content is protected !!
Scroll to Top