കൊച്ചി: ‘ദി കേരള സ്റ്റോറി 2’ന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി.15 ദിവസത്തേക്കാണ് സിനിമയുടെ റിലീസ് സ്‌റ്റേ ചെയ്തിരിക്കുന്നത്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ നിര്‍ണായകമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
സിനിമ മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാകുമെന്ന് നിരീക്ഷിച്ചും സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റേ ചെയ്തത്.
സിനിമയുടെ ട്രെയിലറില്‍ ഉള്‍പ്പെടെ കേരളത്തെ പറ്റി തെറ്റായിട്ടുള്ള വിവരങ്ങള്‍ കാണിക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് സിനിമ നേരിട്ട് കണ്ട് വിലയിരുത്താന്‍ കഴിഞ്ഞില്ലെന്നും സിനിമ കാണാന്‍ നിര്‍മ്മാതാക്കള്‍ അവസരം ഒരുക്കിയില്ലെന്നും പറഞ്ഞു.
റിലീസിന് മുന്‍പ് കോടതിക്ക് കാണുന്നതിന് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെന്നായിരുന്നു നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് നല്‍കിയ സത്യവാങ്മൂലം. സെന്‍സര്‍ ബോര്‍ഡാണ് സിനിമ കാണേണ്ടത് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെയും വിദ്വേഷ പ്രചാരണം ലക്ഷ്യം വെച്ചുള്ള പ്രമേയത്തിന്റെയും പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രമാണ് 2024ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറി. സിനിമയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്.




