നേപ്പാളില്‍ കനത്ത മഴ; മണ്ണിടിച്ചിലില്‍ 47 മരണം

ഹിമാലയന്‍ മേഖലയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷം. നേപ്പാളില്‍ 47 പേര്‍ മരിച്ചു. 9 പേരെ കാണാതായി. പ്രളയക്കെടുതിയില്‍ വടക്കന്‍ ബംഗാളിലെ ഡാര്‍ജിലിംഗില്‍ അതീവ രൂക്ഷമാണ് സാഹചര്യം. ഡാര്‍ജിലിംഗില്‍ മരണം 17 ആയി. മണ്ണിടിച്ചിലില്‍ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളില്‍ മാത്രം 14 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണ്ണിടിച്ചിലില്‍ പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. ബാലസണ്‍ നദിക്ക് കുറുകെയുള്ള ധുഡിയ ഇരുമ്പ് പാലം തകര്‍ന്നതോടെ ഡാര്‍ജിലിംഗിനും സിലിഗുരിക്കും ഇടയിലുള്ള പ്രധാന റോഡില്‍ ഗതാഗതം തടസപ്പെട്ടു. നേപ്പാളില്‍ ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഇലാം ജില്ലയില്‍ വ്യാപകമായുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പലങ്ങള്‍ ഒലിച്ചുപോയി. റോഡുകളും തകര്‍ന്നു.

അതേസമയം, പ്രളയദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിന് പിന്തുണ അറിയിച്ചു. മേഖലയിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വടക്കന്‍ ബംഗാള്‍, സിക്കിം, മേഘാലയ എന്നിവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ടും ബീഹാര്‍, ജമ്മു കശ്മീര്‍,പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top