
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ജില്ലാ കളക്ടറേറ്റിലും തിരുവനന്തപുരം കോര്‍പറേഷനിലും പ്രധാന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ കണ്‍ട്രോള്‍ റൂം കെ.എസ്.ടി.പി. ഓഫീസില്‍ ഉടന്‍ ആരംഭിക്കും.
തിരുവനന്തപുരം ജില്ലയില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, പി. എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. മഴക്കെടുതിയും ജില്ലയിലെ സ്ഥിതിഗതികളും വിലയിരുത്തിയ യോഗത്തില്‍ അടിയന്തര നടപടികള്‍ ആസൂത്രണം ചെയ്തു.
അടിയന്തര ആവശ്യങ്ങള്‍ക്കായി ഓരോ താലൂക്കിനും അഞ്ച് ലക്ഷം രൂപയും ഓരോ വില്ലേജിനും 25,000 രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷന്‍ ഓരോ വാര്‍ഡിനും ഒരു ലക്ഷം രൂപ ആദ്യഘട്ടത്തില്‍ നല്‍കും. ആവശ്യമെങ്കില്‍ അടിയന്തര ഘട്ടങ്ങളില്‍ കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കടപുഴകി വീഴുന്ന മരങ്ങളും വെള്ളക്കെട്ടും നീക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചു. റാപ്പിഡ് റെസ്പോണ്‍സ് ടീം, സിവില്‍ ഡിഫെന്‍സ് വോളന്റിയര്‍മാര്‍, എമര്‍ജന്‍സി വോളന്റിയര്‍മാര്‍ എന്നിവര്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഓടകള്‍ വൃത്തിയാക്കുന്നതിന് തിരുവനന്തപുരം കോര്‍പറേഷന്‍, പൊതുമരാമത്ത് വകുപ്പ്, മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ 975 പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയാക്കി.
മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും തിരുവനന്തപുരം കോര്‍പറേഷന്റെയും മാതൃകാപരമായ ഇടപെടലുകള്‍ ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. തമ്പാനൂരിലെ വെള്ളക്കെട്ട് പരിഹരിച്ചത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫുട്പാത്ത് സ്ലാബുകളുടെ സുരക്ഷ, പാച്ച് വര്‍ക്കുകള്‍, ഓടകളിലെ മണ്ണ് നീക്കം ചെയ്യല്‍, റോഡരികിലെ മരശിഖരങ്ങള്‍ വെട്ടല്‍, കുഴികള്‍ നികത്തല്‍ എന്നീ പ്രവൃത്തികള്‍ പരിശോധിക്കും. വെള്ളക്കെട്ട് സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്.
കനത്ത മഴ കാരണം വലിയ തോതില്‍ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി. ആര്‍. അനില്‍ വ്യക്തമാക്കി. പ്രാഥമിക കണക്കുകള്‍ പ്രകാരം 2,500-ലധികം കര്‍ഷകര്‍ക്ക് 15 കോടി രൂപയിലധികം നഷ്ടം സംഭവിച്ചു. നെയ്യാറ്റിന്‍കര താലൂക്കില്‍ ഒരു വീട് പൂര്‍ണമായും, ജില്ലയില്‍ ആകെ 27 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈദ്യുതി സംവിധാനങ്ങളും പലയിടത്തും തകരാറിലാണ്. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
എ.എ. റഹീം എം.പി., എം.എല്‍.എമാരായ വി. ശശി, എം. വിന്‍സന്റ്, ആന്റണി രാജു, കെ. ആന്‍സലന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, കളക്ടര്‍ അനുകുമാരി, പൊതുമരാമത്ത്, കെ.എസ്.ഇ.ബി., പോലീസ്, മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍, ഫയര്‍ഫോഴ്സ്, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




