മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ സംശയിക്കുന്ന വ്യക്തി ചികിത്സയിലിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലയില്‍ തയ്യാറായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയുടെ സ്രവസാമ്പിള്‍ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നിപ സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പര്‍ക്ക പട്ടികയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് ആരും ഉള്‍പ്പെട്ടിട്ടില്ല.
രോഗം സംശയിക്കുന്നവരെ ഐസൊലേഷന്‍ ചെയ്യുന്നതിനും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നതിനും പ്രത്യേക സംവിധാനങ്ങള്‍, ഐസൊലേഷന്‍ മുറികള്‍ എന്നിവ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തയ്യാറാക്കിയിട്ടുണ്ട്. സ്വാകാര്യ ആശുപത്രികളില്‍ നിപ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികളെ അവിടെ തന്നെ ഐസൊലേഷന്‍ ഇരിക്കുന്നതിനും സ്രവസാമ്പിള്‍ അവിടെ നിന്ന് തന്നെ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബിലേക്ക് അയക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. സംശയാസ്പദമായ രോഗികളെ കൊണ്ടുപോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ 108 ആംബുലന്‍സ് ഏര്‍പ്പെടുത്തി. രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗികളെ പരിചരിക്കുന്നതിന് ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ പ്രത്യേക സബ് കമ്മിറ്റി രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിപ അസുഖത്തെകുറിച്ചുള്ള പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 0483 2734066 എന്ന നമ്പറില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗം സംശയിക്കുന്നവര്‍ക്കും സമ്പര്‍ക്കപട്ടികയില്‍ ഇരിക്കുന്നവര്‍ക്കും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു 7593843625 എന്ന ഫോണ്‍ നമ്പറില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ കൗണ്‍സിലിംഗ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. നിപ നിരീക്ഷണം ശക്തമാകുന്നതിനായി സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കുകയും നിപ നിയന്ത്രിക്കുന്നതിനായി പരിശീലനം നല്‍കുകയും ചെയ്തു.
പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:
– മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി എന്‍ 95 മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.
– തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും മറക്കുക
– കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
– പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ഛര്‍ദി, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണം.
– ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കണം.
– രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും രോഗബാധിതരില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കുക.
– രോഗിയെ പരിചരിക്കുന്നവര്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
– രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.
– നിപ ലക്ഷണങ്ങളുള്ളവര്‍ കുടുംബാംഗങ്ങളും പൊതുജനങ്ങളുമായുമുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും പനി മാറുന്നതുവരെ പരിപൂര്‍ണ്ണ വിശ്രമം എടുക്കുകയും ചെയ്യുക.
– നിലത്ത് വീണു കിടക്കുന്നതും പക്ഷിമൃഗാദികള്‍ കടിച്ചതുമായ പഴങ്ങളും മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളും പഴങ്ങളും ഉപയോഗിക്കരുത്.
– വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ തെങ്ങ്, പന എന്നിവയില്‍ നിന്നും ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.
– വവ്വാലുകള്‍ വസിക്കുന്ന സ്ഥലങ്ങളില്‍ പോകുകയോ അവയെ ശല്യപ്പെടുത്തുകയോ ചെയ്യരുത്.
– പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
– പനിയുള്ളപ്പോള്‍ ശരിയായി വിശ്രമിക്കുകയും കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, നാരങ്ങ വെള്ളം മുതലായ പാനീയങ്ങള്‍ ധാരാളം കുടിക്കുകയും ചെയ്യുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




