പരപ്പനങ്ങാടി : രണ്ട് പതിറ്റാണ്ടിലേറെ കാലമായി പരപ്പനങ്ങാടിയിലൂടെ ഊര്‍ജ്ജ പ്രതിസന്ധിയകറ്റാന്‍ വൈദ്യുതി വകുപ്പ് കനിഞ്ഞരുളിയ നിര്‍ദ്ധിഷ്ട 110 കെവി സബ്‌സ്റ്റേഷന്‍ കക്ഷി രാഷ്ട്രീയത്തിന്റെയും റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളുടെയും പാര വെപ്പ് പരമ്പരകളെ അതിജീവിച്ച് പുതുവര്‍ഷം പുതുജീവന്‍ സമ്മാനിക്കുന്നു.
പതിറ്റാണ്ടു കാലമായി പ്രാദേശിക പോരിന്റെ ദുരഭിമാനത്തില്‍ തട്ടിയുലഞ്ഞ് നഷ്ടപ്പെട്ടെന്ന് കരുതിയ പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബറിന് കഴിഞ്ഞ ദിവസം ബോറിങ്ങ് പൂര്‍ത്തിയായതിന് തൊട്ടുപിറകെ സബ് സ്റ്റേഷന്റെ പ്രവര്‍ത്തന ഉല്‍ഘാടനം നിശ്ചയിച്ചത് പരപ്പനങ്ങാടിയിലെ വികസന കുതികികള്‍ക്ക് ആഹ്ലാദം പകരുകയാണ്. ഇകെ നയനാര്‍ മന്ത്രി സഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന എസ് ശര്‍മ്മയാണ് നിര്‍ദ്ദിഷ്ട സബ്‌സ്റ്റേഷന് ശിലയിട്ടത് കൊട്ടും കുരുവയും ഉയര്‍ത്തി ഉല്‍സവ പ്രതീതിയില്‍ മുഖ്യമന്ത്രി എകെ ആന്റണി ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി തിരൂരങ്ങാടിയിലെത്തിയ കാലത്ത് പരപ്പനങ്ങാടിക്ക് പരസ്യമായ നല്‍കിയ ഉറപ്പ് പാലിക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിനും, യുഡിഎഫിനും വലിയ ക്ഷീണം സമ്മാനിച്ചിരുന്നു.
ജനുവരി അവസാന വാരമാണ് സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തന ഉല്‍ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ സിആര്‍ തോമസ് ഗ്രാമപഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ
കക്ഷി യോഗത്തില്‍ വെച്ച് സ്വാഗത സംഘം രൂപികരിച്ചു. ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് പികെ എം ജമാല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലി ബാപ്പുവിനെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു.
ശിലന്യാസം നടന്നെങ്കിലും തുടര്‍ന്ന് വന്ന യുഡിഎഫ് – എല്‍ഡിഎഫ് സര്‍ക്കാറുകള്‍ക്ക് നിരവധി കേസുകള്‍ കാരണം പരപ്പനങ്ങാടി സബ്‌സ്റ്റേഷന്‍ പദ്ധതി നടപ്പിലാക്കാനായില്ല.
ഇതിനിടെ നിരവധി ജനകീയ സമരങ്ങള്‍ അരങ്ങേറിയെങ്കിലും ചേളാരിയില്‍ നിന്നും പരപ്പനങ്ങാടിയിലെ നിര്‍ദ്ധിഷ്ട സബ്‌സ്റ്റേഷന്‍ ഭൂമിയിലേക്ക് ലൈന്‍ വലിക്കുന്നതിനെ ചോദ്യം ചെയ്ത് ഭൂവുടമകള്‍ ഒന്നിന് പിറകെ ഒന്നായി കോടതി കയറുക കൂടി ചെയ്തതോടെ സബ് സ്റ്റേഷന്‍ നിര്‍മ്മാണം അനിശ്ചിത്വത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ഹൈക്കോടതി ഇതു സംബന്ധിച്ച കേസുകളെല്ലാം തള്ളിയതോടെ ജനകീയ സമരങ്ങള്‍ വീണ്ടും ശക്തിയാര്‍ജിച്ചു. തുടര്‍ന്ന് ഇപ്പോഴത്തെ വൈദ്യതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടലും ഈ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കാന്‍ ഗുണകരമായി.

