അതിഥി തൊഴിലാളികളില്‍ നിന്നും യാത്രാ ചെലവ് ഈടാക്കുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

ദില്ലി: ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ചാര്‍ജ്ജ് ഈടാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടിയില്‍ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. നൂറു കോടി രൂപ ചെലവിട്ട് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിച്ച സര്‍ക്കാര്‍ എന്ത് കൊണ്ട് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് വഹിക്കാത്തതെന്ന് അവര്‍ ചോദിച്ചു. പി എം കെയറിന് 151 കോടി രൂപ സംഭവന നല്‍കിയ റെയില്‍വേയുടെ കൈവശം പണമില്ലേ എന്നും അവര്‍ ആരാഞ്ഞു.

കേന്ദ്രം മുന്നറിയിപ്പില്ലാതെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും അല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമായിരുന്നെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

മൂന്നാം ഘട്ടവും ലോക്ക് ഡൗണ്‍ നീട്ടിയതോടെയാണ് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top