HIGHLIGHTS : Government moves forward with Zumba dance: Minister V Sivankutty
സ്‌കൂളുകളില്‍ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ നടക്കുന്നത് ലഘുവ്യായാമമാണെന്നും കൂട്ടികള്‍ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അല്‍പ്പവസ്ത്രം ധരിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തെറ്റിദ്ധാരണയുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോള്‍ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. നിര്‍ബന്ധമായി ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ആവശ്യമുള്ള കുട്ടികള്‍ക്ക് ചെയ്യാം. അല്ലാത്തവര്‍ സ്‌കൂളിനെ അറിയിച്ചാല്‍ മതി. എന്നാല്‍ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച് ചെയ്താല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും ഉറപ്പു വരുത്തുമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഈ വിഷയത്തില്‍ രക്ഷിതാക്കള്‍ക്ക് ചോയ്‌സ് ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. വകുപ്പ് നിര്‍ദ്ദേശിക്കുന്ന കാര്യം ചെയ്യണം. എന്നാല്‍ നിര്‍ബന്ധപൂര്‍വ്വം സര്‍ക്കാര്‍ കുട്ടികളില്‍ ഇത് അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.മതസംഘടനകള്‍ ആടിനെ പട്ടിയാക്കുന്നുവെന്നും അത് വര്‍ഗീയത വളര്‍ത്താനെ ഉപകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. എതിര്‍പ്പ് രാഷ്ട്രീയമാണെങ്കില്‍ അങ്ങനെ നേരിടുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു