റാഞ്ചി: ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് ലോക്കോ പൈലറ്റുകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.
ബൊക്കാറോ ജില്ലയിലെ സെക്ടര്‍ 9 നിവാസിയായ അംബുജ് മഹാതോ (32), പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ധ്യാനേശ്വര്‍ മാല്‍ എന്നിവരാണ് മരിച്ചത്.
കല്‍ക്കരി നിറച്ച ചരക്ക് തീവണ്ടി ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചാണ് അപകടം എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അഞ്ച് റെയില്‍വേ തൊഴിലാളികള്‍ക്കും ഒരു സിആര്‍പിഎഫ് ജവാനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെല്ലാം നിലവില്‍ ബര്‍ഹൈറ്റിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്.
സാഹിബ്ഗഞ്ച് ജില്ലയിലെ ബര്‍ഹൈത്ത് പൊലീസ് സ്റ്റേഷന്‍ പ്രദേശത്തിന് സമീപമുള്ള ഫറാക്ക-ലാല്‍മതിയ എംജിആര്‍ റെയില്‍വേ ലൈനിലാണ് അപകടം നടന്നത്. പ്രാഥമിക വിവരം അനുസരിച്ച്, ബര്‍ഹൈത്ത് എംടിയില്‍ നിര്‍ത്തിയിട്ടിരുന്ന ഒഴിഞ്ഞ ഗുഡ്സ് ട്രെയിനില്‍ ലാല്‍മതിയയില്‍ നിന്ന് വരികയായിരുന്ന കല്‍ക്കരി നിറച്ച ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 3:30 ഓടെയാണ് അപകടം ഉണ്ടായത്. അപകടം നടന്ന രണ്ട് ഗുഡ്സ് ട്രെയിനുകളും ട്രാക്കുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് പറഞ്ഞു.




