ജീവകാരുണ്യത്തിന്റേയും, പലിശരഹിത വായ്പയുടെയും പേരിൽ തട്ടിപ്പ് നടത്തിയിരുന്ന യുവതി അറസ്റ്റിൽ ആയി. വിവാഹത്തിനും വീട് വയ്ക്കുന്നതിനും പലിശരഹിത വായ്പ വാഗ്ദാനം ചെയ്താണ് ഇവർ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിരുന്നത്. ബീനാച്ചി കുറുക്കൻ വീട്ടിൽ നഫീസുമ്മ (47) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ നഫീസുമ്മയെ കോടതി റിമാൻഡ് ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ സംഘടനകളുടെ പേര് പറഞ്ഞാണ് ഇവർ പലരേയും പണത്തിനായി സമീപിച്ചത്. ബത്തേരി പോലീസിന് ലഭിച്ച 13 പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നാണ് നഫീസുമ്മയെ അറസ്റ്റ് ചെയ്തത്.
വിവാഹത്തിനും വീട് വയ്ക്കുന്നതിനും 5 ലക്ഷം രൂപ പലിശ രഹിത വായ്പ എന്നായിരുന്നു പ്രധാന വാഗ്ദാനം. 5 ലക്ഷം രൂപ വായ്പ ആവശ്യമുള്ളവർ 1 ലക്ഷം രൂപയും പത്തു ലക്ഷം രൂപ വായ്പ ആവശ്യമുള്ളവർ രണ്ടരലക്ഷം രൂപയും മുൻകൂറായി നൽകണം ഈ തുക കഴിച്ചുള്ള ബാക്കി പണം പരിഹരി തവണകളായി അടച്ചാൽ മതി എന്ന് ആവശ്യക്കാരെ അറിയിക്കും. 5 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് അവർ ഒരു ലക്ഷം രൂപ തുടക്കത്തിൽ അടക്കുന്നതിനാൽ ബാക്കി 4 ലക്ഷം തവണകളായി നൽകിയാൽ മതിയെന്നുമാണ് വായ്പക്കാരെ വിശ്വാസിപ്പിക്കുന്നത്. ഓരോ പ്രദേശത്തും തുടക്കത്തിൽ ഒരാൾക്ക് വായ്പാ തുക നൽകിയിരുന്നു. ഇത് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് കൂടുതൽ വായ്പക്കാരെ കണ്ടെത്തിയിരുന്നത്




