malabarinews

Section

malabari-logo-mobile

അപൂര്‍വ്വ ഭാഗ്യം തന്നെ തേടിയെത്തിയ നിര്‍വൃതിയില്‍ കക്കാട് ഒറ്റത്തിങ്ങല്‍ മുഹമ്മദ് മാസ്റ്റര്‍

HIGHLIGHTS : Four decades after retiring from the service, Kakkad Ottathingal Mohammad Master is in the throes of a rare opportunity to meet his students together.

sameeksha-malabarinews
തിരൂരങ്ങാടി: സര്‍വീസില്‍ നിന്ന് വിരമിച്ച് നാലു പതിറ്റാണ്ട് പിന്നിട്ടതിനു ശേഷം തന്റെ വിദ്യാര്‍ത്ഥികളെ ഒന്നിച്ച് കാണാന്‍ കഴിഞ്ഞ അപൂര്‍വ്വ ഭാഗ്യം തന്നെ തേടിയെത്തിയ നിര്‍വൃതിയിലാണ് കക്കാട് ഒറ്റത്തിങ്ങല്‍ മുഹമ്മദ് മാസ്റ്റര്‍. തന്റെ മുന്നില്‍ ഊര്‍ജ്ജസ്വലതയോടെ പഠിക്കാനിരുന്ന കുട്ടികള്‍ തലനരച്ച മുത്തശ്ശന്മരായി മുന്നില്‍ വന്നപ്പോള്‍ അനിര്‍വാച്യമായ സന്തോഷത്താല്‍ മുഹമ്മദ് മാസ്റ്ററുടെ (95) കണ്ണൂകള്‍ നിറഞ്ഞു.

തലശ്ശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1970 – 1980 വരെയുള്ള എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികളാണ് തങ്ങളുടെ പ്രിയപ്പെട്ട പ്രധാനാധ്യാപകനെ തേടിയെത്തിയത്. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ മുബാറക് ഇന്റഗ്രേറ്റഡ് സ്റ്റുഡന്‍സ് അസോസിയേഷനാണ് സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. പ്രസിഡണ്ട് സാക്കിര്‍ കാത്താണ്ടി, സെക്രട്ടറി വി പി അഷ്‌റഫ്, മുന്‍ രഞ്ജി താരം സി ടി കെ ഉസ്മാന്‍ കുട്ടി, ലുക്മാന്‍ തലശ്ശേരി, ഫസല്‍ കൂവേരി, മുസ്താഖ് ഹസ്സന്‍ എകെ സഹീര്‍ മുനീര്‍ കാത്താണ്ടി, ജികെ അബ്ദുനാസര്‍, പി കെ മഹ് മൂദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൂര്‍വവിദ്യാര്‍ത്ഥികളാണ് എത്തിയത്.
ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒ ഷൗക്കത്തലി മാഷിന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നിന്നും വന്നവരെ സ്വീകരിച്ചു.

തലശ്ശേരി മുബാറക് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 1955 മുതല്‍ 1983 വരെ 28 വര്‍ഷം ഹെഡ്മാസ്റ്ററായി സേവനം ചെയ്തിരുന്ന മുഹമ്മദ് മാസ്റ്റര്‍ ഇപ്പോള്‍ കക്കാടുള്ള വീട്ടില്‍ വിശ്രമ ജീവിതത്തിലാണ് .

1953 – 54 അക്കാദമിക് വര്‍ഷത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ് കോളേജില്‍ നിന്നും ബി.ടി. പൂര്‍ത്തീകരിച്ച അദ്ദേഹം അടുത്ത വര്‍ഷം തന്നെ ഫാറൂഖ് ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. തൊട്ടടുത്ത വര്‍ഷത്തില്‍ തലശ്ശേരി മുബാറക് ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ തസ്തികയില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുകയും 1983 ല്‍ അദ്ദേഹം വിരമിക്കുകയും ചെയ്തു. ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ച് ഹെഡ്മാസ്റ്ററായി വിരമിച്ച ചരിത്രം ഒരുപക്ഷേ ഒ മുഹമ്മദ് മാസ്റ്റര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഫാറൂഖ് ഹൈസ്‌കൂളിലും മുബാറക്ക് ഹൈസ്‌കൂളിലുമായി ഏകദേശം മുപ്പത് വര്‍ഷക്കാലം ഹെഡ്മാസ്റ്റര്‍ തസ്തികയില്‍ മാത്രം പ്രവര്‍ത്തിച്ചത് കൊണ്ടു തന്നെ തലശ്ശേരിക്കാര്‍ക്ക് മുഹമ്മദ് മാസ്റ്ററുടെ പേര് ഹെഡ്മാസ്റ്റര്‍ എന്നായി മാറി. സ്ഥാപനത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവായിരുന്ന മാസ്റ്റര്‍, കല, സ്‌പോര്‍ട്‌സ് പ്രസംഗ പരിശീലനം, സാഹിത്യ രചനയില്‍ കുട്ടികളെ പരിപോഷിപ്പിക്കുകയും ഈ രംഗത്ത് മഹത് വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥി രാഷ്ട്രീയം സജീവമായ കാലഘട്ടത്തില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തെ നയിച്ചു.
സി രാജഗോപാലാചാരി, ജനറല്‍ കരിയപ്പ, ഉപ്പി സാഹിബ്, ഗായകന്‍ മുഹമ്മദ് റാഫി എന്നിവരെ ക്ഷണിച്ചു വരുത്തി മുബാറക്ക് സ്‌കൂളിന്റെ പ്രശസ്തി ഉയര്‍ത്തി. 1970 സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തി സമയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ദേവഗൗഡ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു. കക്കാട് പ്രദേശത്തെ ആദ്യ അഭ്യസ്തവിദ്യനായ ഇദ്ദേഹം 10 കിലോമീറ്ററോളം കാല്‍നടയായി നടന്ന് കോട്ടക്കല്‍ രാജാസ് സ്‌കൂളില്‍ നിന്നാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫാറൂഖ് കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയതിനു ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎ ഒന്നാം റാങ്കോടെ വിജയിച്ചു.

തന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ മുഹമ്മദ് മാസ്റ്റര്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു. തലശ്ശേരിയില്‍ നിന്നും എത്തിയവര്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കണ്ടതോടെ പ്രായം മറന്ന് വിദ്യാര്‍ഥികളായി. പിന്നീട് പാട്ടും കഥപറയലും കളിയും ചിരിയുമായി അധ്യാപകനോടപ്പം സമയം ചെലവഴിച്ചു. പ്രിയപെട്ട അധ്യാപകനെ ആദരിച്ചും പ്രശസ്തിപത്രവും നല്‍കിയും നിറയെ സമ്മാനങ്ങളുമായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News