ചെന്നൈ : സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തതിന് സ്പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം. സൗന്ദര്യമത്സരത്തില്‍ ഉദ്യോഗസ്ഥര്‍ റാംപില്‍ നടന്നതിന് പിന്നാലെയാണ് നാഗപട്ടണം പൊലീസ് സൂപ്രണ്ടിന്റെ സ്ഥലംമാറ്റ ഉത്തരവ്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ ഞായറാഴ്ച മയിലാടുംതുറൈ ജില്ലയിലെ സെമ്പനാര്‍കോവിലില്‍ ഒരു സ്വകാര്യ സംഘടന നടത്തിയ സൗന്ദര്യമത്സരത്തിലാണ് പൊലീസുകാര്‍ പങ്കെടുത്തത്.
പ്രത്യേക ക്ഷണിതാവായി എത്തിയ നടി യാഷിക ആനന്ദായിരുന്നു മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തത്. അതിനിടെ പൊലീസുകാരുടെ സൗന്ദര്യമത്സരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നിലവില്‍ സെമ്പനാര്‍കോവില്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സ്‌പെഷല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്‌മണ്യന്‍ ഉള്‍പ്പെടെ പൊലീസുകാരായ രേണുക, അശ്വിനി, നിത്യശീല, ശിവനേശന്‍ എന്നിവരെ സ്ഥലം മാറ്റാന്‍ നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ട് ജവഗര്‍ ഉത്തരവിറക്കുകയായിരുന്നു.
വിജയ് നായകനായ തെരി എന്ന സിനിമയിലെ ഗാനത്തിനാണ് പൊലീസുകാര്‍ റാംപ് വാക്ക് നടത്തിയത്. പരിപാടി നടക്കുന്ന സ്ഥലത്ത് സുരക്ഷയ്ക്കായി പൊലീസുകാര്‍ എത്തിയിരുന്നു. മത്സരാര്‍ത്ഥികളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വനിതാ പൊലീസുകാര്‍ റാംപ് വാക്ക് നടത്തിയതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മയിലാടുംതുറൈയില്‍ മത്സരം സംഘടിപ്പിച്ചതിന് നിരവധി പേര്‍ സംഘാടകരെ അഭിനന്ദിച്ചു. എന്നാല്‍ സുരക്ഷയൊരുക്കാനെത്തിയ പൊലീസുകാരുടെ റാംപ് വാക്ക് വിമര്‍ശനത്തിനിടയാക്കി. റാംപ് വാക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വളരെ മോശം പ്രതികരണമാണ് ലഭിച്ചത്.




