Section

malabari-logo-mobile

വിഴിഞ്ഞം തുറമുഖത്ത് ഓണത്തിന് ആദ്യ കപ്പലടുക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

HIGHLIGHTS : First ship will be launched at Vizhinjam port for Onam: Minister Ahmed Devarkovil

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി, വരുന്ന ഓണക്കാലത്ത് ആദ്യ കപ്പൽ എത്തിക്കുകയാണു ലക്ഷ്യമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിനായി സർക്കാരും നാട്ടുകാരും കരാർ കമ്പനിയും കൈമെയ് മറന്നു പരിശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 33കെവി/11 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങുന്നതു രാജ്യത്തിന്റെ വികസന ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാലു ഘട്ടങ്ങളിലായാകും പദ്ധതി പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിലെ 400 മീറ്റർ ടെർമിനലുകൾ ഉടൻ നിർമാണം പൂർത്തിയാക്കും. പോർട്ടിന്റെ ബാഹ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവശ്രദ്ധയാണു സർക്കാർ പുലർത്തുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കക്കലും പുനരധിവാസവും പൂർത്തിയാക്കി. തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാര പാക്കേജ് നൽകുന്നതിനും നടപടി സ്വീകരിച്ചു. പുനരധിവാസത്തിനായി 20 കോടി രൂപയാണു കേന്ദ്ര സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ സംസ്ഥാനം 100 കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. അർഹരായ ആരെങ്കിലും ഇതിൽനിന്നു വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെയും ഇതിന്റെ പരിധിയിൽപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ കാട്ടാക്കടയിൽനിന്നാണു വിഴിഞ്ഞം തുറമുഖത്തേക്കു വൈദ്യുതി എത്തിക്കുന്നത്. ഇതിനായി ബാലരാമപുരം വഴി 220 കെവി ലൈനിലൂടെ മുക്കോലയിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള മെയിൻ ഗ്യാസ് ഇൻസുലേറ്റഡ് റിസീവിങ് സബ് സ്റ്റേഷന്റെ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു. ഇവിടെനിന്ന് 33 കെവിയിലേക്കു വൈദ്യുതി സ്റ്റെപ്ഡൗൺ ചെയ്തു സ്വിച്ച് ഗിയർ മുഖേന ഭൂമിക്കടിയിലൂടെ നാലു മീറ്റർ കേബിൾ വഴി തുറമുഖത്തെ 33 കെവി സബ്സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇപ്പോൾ പൂർത്തിയായത്. ഇത് വീണ്ടും 11 കെവിയിലേക്കു സ്റ്റെപ് ഡൗൺ ചെയ്തു സ്വിച്ച് ഗിയർ മുഖേന തുറമുഖത്തെ സ്വിച്ചിങ് സ്റ്റേഷനിലേക്കു വൈദ്യുതി എത്തിക്കും. സബ് സ്റ്റേഷന്റെ സ്വിച്ച് ഓൺ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു.

പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി പങ്കെടുത്തു. എം. വിൻസന്റ് എം.എൽ.എ, തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു, വാർഡ് കൗൺസിലർ ഓമനയമ്മ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, അദാനി പോർട്ട് സി.ഇ.ഒ രാജേഷ് കുമാർ ഝാ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!