കടലിന്റെ മക്കള്‍ക്കായ് ആദ്യ മറൈന്‍ ആംബുലന്‍സ് ‘പ്രതീക്ഷ’

തിരുവനന്തപുരം: കടലിന്റെ മക്കളുടെ കൈക്കരുത്തിന് താങ്ങായും അവരുടെ രക്ഷാദൗത്യങ്ങള്‍ക്ക് കരുതലായും മത്സ്യബന്ധന വകുപ്പിന്റെ പൂര്‍ണ്ണ സജ്ജമായ ആദ്യത്തെ മറൈന്‍ ആംബുലന്‍സ് ബോട്ട് ‘പ്രതീക്ഷ’ ആഗസ്റ്റ് 27-ന് പ്രവര്‍ത്തനം ആരംഭിക്കും.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്നും വിഴിഞ്ഞത്തേക്ക് വരുന്ന മറൈന്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം ആഗസ്റ്റ് 27-ന് രാവിലെ 09.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഫിഷറീസ്-ഹാര്‍ബര്‍ എന്‍ജിനീയറിങ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അദ്ധ്യക്ഷതവഹിക്കും.

അഞ്ചുപേര്‍ക്ക് ഒരേ സമയം ക്രിട്ടിക്കല്‍ കെയര്‍, 24 മണിക്കൂറും പാരാ മെഡിക്കല്‍ സ്റ്റാഫ് സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീറെസ്‌ക്യൂ സ്‌കോഡുകളുടെ സഹായം, പോര്‍ട്ടബിള്‍ മോര്‍ച്ചറി, ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ലഭ്യത എന്നിവ മറൈന്‍ ആംബുലന്‍സിന്റെ പ്രത്യേകതകളാണ്.
അരക്ഷിതമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല സ്വപ്നമാണ് മറൈന്‍ ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്യുന്നതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളില്‍പ്പെട്ട് വര്‍ഷം ശരാശരി മുപ്പതോളം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ ജീവഹാനി സംഭവിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ദുരന്തമുഖത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി അതിവേഗം കരയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നതിനുമുതകുന്ന മറൈന്‍ ആംബുലന്‍സുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ആദ്യഘട്ടത്തില്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മ്മിക്കുന്നതിനാണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി രൂപ നിരക്കില്‍ 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കല്‍ തുക. ബോട്ടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശം ലഭ്യമാക്കിയത് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (CIFT) ആണ്.

23 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും 3 മീറ്റര്‍ ആഴവുമുള്ള മറൈന്‍ ആംബുലന്‍സുകള്‍ക്ക് അപകടത്തില്‍പ്പെടുന്ന 10 പേരെ വരെ ഒരേസമയം സുരക്ഷിതമായി കിടത്തി പ്രഥമശുശ്രുഷ നല്‍കി കരയിലെത്തിക്കാന്‍ സാധിക്കും. 700 എച്ച്. പി. വീതമുള്ള 2 സ്‌കാനിയ എന്‍ജിനുകള്‍ ഘടിപ്പിച്ചിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പരമാവധി 14 നോട്ട് സ്പീഡ് ലഭ്യമാകും. ഇന്‍ഡ്യന്‍ രജിസ്റ്ററി ഓഫ് ഷിപ്പിംഗ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് ബോട്ടുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്.
കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് മറൈന്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നത്. മത്സ്യത്തൊഴിലാളികളില്‍ നിന്ന് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ 4 കടല്‍ സുരക്ഷാ സ്‌ക്വാഡ് അംഗങ്ങളുടെ സേവനവും ലഭ്യമാകും.

പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്നിങ്ങനെ പേരിട്ടിട്ടുള്ള മറൈന്‍ ആംബുലന്‍സുകള്‍ യഥാക്രമം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളിലാണ് 24 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കുന്നത്. ഇതില്‍ ആദ്യ ആംബുലന്‍സായ പ്രതീക്ഷയുടെ കമ്മീഷനിംഗും, രണ്ടും മൂന്നും ആംബുലന്‍സ് ബോട്ടുകളുടെ നീരണിയല്‍ ചടങ്ങുമാണ് 27ന് നിര്‍വ്വഹിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top