Section

malabari-logo-mobile

അഞ്ചാം പനി പ്രതിരോധം: മതസംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു;സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിര്‍ബന്ധമാക്കി

HIGHLIGHTS : Fifth fever prevention: Meeting of representatives of religious organizations held; Masks made mandatory in schools and Anganwadis

മലപ്പുറം:ജില്ലയില്‍ അഞ്ചാം പനി രോഗ ബാധ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ വിളിച്ചു ചേര്‍ത്ത മത സംഘടനാ നേതാക്കളുടെ യോഗത്തില്‍ ആഹ്വാനം. ആരാധനാലയങ്ങളിലൂടെയും മദ്രസകളടക്കമുള്ള മതപാഠ ശാലകളിലൂടെയും വാക്സിനേഷന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തും. സോഷ്യല്‍ മീഡിയ, വോയ്സ് ക്ലിപ്പിങുകള്‍ വഴിയും ജനങ്ങളെ ബോധവത്കരിക്കാനും മത നേതാക്കള്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

രോഗം ബാധിച്ച് ആരും മരണത്തിലേക്ക് പോകരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വാക്സിനേഷനിലൂടെ മാത്രമേ രോഗബാധയും വ്യാപനവും തടയാനാവൂ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പു വരുത്തും. രോഗ വ്യാപനം തടയുന്നതിനായി സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളുടെ എം.ആര്‍ വാക്സിനേഷന്‍ നിരക്ക് 80.84 ശതമാനമാണ്. ഇത് 95 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. കുടുംബങ്ങളെയും വ്യക്തികളെയും വാക്സിനെടുക്കാന്‍ പ്രേരിപ്പിക്കണമെന്നും കളക്ടര്‍ മതനേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ചികിത്സയും വാക്സിനേഷനും വേണ്ടെന്ന രൂപത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

sameeksha-malabarinews

രണ്ടു ഡോസ് എം.ആര്‍ വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ മാത്രമേ അഞ്ചാംപനിയെ പൂര്‍ണ്ണമായും പ്രതിരോധിക്കാനാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ രേണുക പറഞ്ഞു. രോഗം ബാധിച്ചവരില്‍ 90 ശതമാനം പേരും ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിക്കാത്തവരാണ്. ബാക്കി 9 ശതമാനം പേര്‍ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരാണ്. ഇരു ഡോസും സ്വീകരിച്ച ഒരു ശതമാനം പേര്‍ അസുഖബാധിതരായെങ്കിലും ഇവര്‍ക്ക് പെട്ടെന്ന് തന്നെ ഭേദപ്പെടുകയും ചെയ്തതായി ഡി.എം.ഒ പറഞ്ഞു.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ മത സംഘടനാ പ്രതിനിധികളായ സലീം എടക്കര (എസ്.വൈ.എസ്), പി.കെഎ ലത്തീഫ് ഫൈസി (സമസ്ത), അബ്ദുറഹ്‌മാന്‍ എം വലിയങ്ങാടി (ജമാഅത്തെ ഇസ്ലാമി), ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബി.എല്‍ ബിജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!