തിരുവനന്തപുരം : വിഖ്യാത ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്. ശംഖുമുഖത്ത് അസ്തമയ സൂര്യനെ നോക്കി കിടക്കുന്ന സാഗര കന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്‍പമെന്ന റെക്കോര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ചിപ്പിക്കുള്ളില്‍ കിടക്കുന്ന തരത്തിലാണ് സാഗര കന്യകയുടെ ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്.
അപേക്ഷിക്കാതെ ലഭിച്ച പുരസ്‌കാരത്തില്‍ വലിയ സന്തോഷമുണ്ടെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍. 87 അടി നീളവും 25 അടി ഉയരവുമാണ് സാഗരകന്യക ശില്‍പ്പത്തിനുള്ളത്. 1990 ല്‍ ആരംഭിച്ച് രണ്ട് വര്‍ഷമെടുത്താണ് ശില്‍പ്പം നിര്‍മ്മിച്ചത്. ടൂറിസം വകുപ്പാണ് കാനായി കുഞ്ഞിരാമനെ ശില്‍പ്പ നിര്‍മ്മാണം ഏല്‍പ്പിച്ചത്.
ശില്‍പ്പ നിര്‍മ്മാണ കാലത്തെ അന്നത്തെ ജില്ലാ കളക്ടര്‍ ആയിരുന്ന നളിനി നെറ്റോക്കായിരുന്നു നിര്‍മ്മാണത്തിന്റെ ചുമതല. നിര്‍മ്മാണം പകുതിയിലേറെയായപ്പോള്‍ ശില്‍പം അശ്ലീലമാണെന്നും നഗ്‌ന ശില്‍പ്പം പറ്റില്ലെന്നും നിര്‍മാണം നിര്‍ത്തിവയ്ക്കാനും കളക്ടര്‍ ഉത്തരവിട്ടു. ഞാന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ ചെന്ന് കണ്ടു. അദ്ദേഹം ഇടപെട്ടു. കുഞ്ഞിരാമന് ശില്‍പ്പം പൂര്‍ത്തിയാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് കളക്ടറോട് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് ശില്‍പ്പ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായത് കാനായി പറഞ്ഞു.




