കവിതയുടെ ഹൈമവത ദര്‍ശനം

ആറ്റൂര്‍ രവിവര്‍മ്മ ഓര്‍മ്മ…കൃഷ്ണദാസ് ലോകനാര്‍കാവ് എഴുതുന്നു

മലയാളത്തിലെ ആധുനിക കവിതയുടെ മുഖ്യമായ സവിശേഷത അതിന്റെ ബഹുസ്വരതയായിരുന്നു .ഭാഷയിലും ബിംബകല്‍പ്പനയിലും സര്‍വ്വോപരി ആവിഷ്‌കരണ ശൈലിയിലാകെതന്നെയും ആധുനിക കവികള്‍ക്കിടയില്‍ അപാരമായ വൈവിധ്യം പ്രകടമായിരുന്നു. പല നോമ്പുകള്‍ നോറ്റും,പല കാലം തപസ്സു ചെയ്തും ദുരിതങ്ങളേറെ താണ്ടി പുതുവഴി വെട്ടിയവരാണവര്‍. ആധുനികതയുടെ അഗ്രഗാമികളായ ആ കവികുലത്തില്‍ ഏറെ പേരുടെയും വീട് പടിഞ്ഞാട്ട് നോക്കുമ്പോള്‍ തന്റെ കവിതയുടെ വീട് കിഴക്കോട്ട് പണിത കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ. കുറച്ചു മാത്രം എഴുതിയപ്പോഴും ഏറെ കവിഞ്ഞെഴുതിയ കവി !
മൗനത്തിന്റെ നാഭിയില്‍ മുള പൊട്ടിയ ആ കവിത നാം പരിചയിച്ച നാനാവിധ നാട്യങ്ങളെയും ചമയങ്ങളെയും തിരസ്‌കരിച്ച് കുറഞ്ഞ വാക്കുകള്‍ക്കൊണ്ട് ഏറെ ധ്വനിപ്പിച്ചു.

‘ഒരു അത്യുക്തി പാരമ്പര്യം നമുക്കുണ്ട് -പരത്തി പറയുക ,പെരുപ്പിച്ച് പറയുക. നമ്മളൊക്കെ തറവാടികളാണ്. തറവാടിത്തത്തിന്റെ ഒരു സവിശേഷത ഉറക്കെ പറയലും ചിരിക്കലുമാണ്. കൂട്ടുകുടുബത്തില്‍ ഉറക്കെ പറയണം. വയലില്‍ അകലെയുള്ള ആളുകള്‍ തമ്മില്‍ ഉറക്കെ വര്‍ത്തമാനം പറയും.
അലറുന്ന വേഷങ്ങള്‍…!
ഇന്ന് ഒരു കവിയുടെ പ്രശ്‌നം ഈ അത്യുക്തി പാരമ്പര്യത്തെ നേരിടുകയെന്നതാണ് .”
ആറ്റൂര്‍ തന്നെ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

കാല്‍പ്പനികതയുടെ മധുവും മണവും സൗന്ദര്യാനുഭവങ്ങളുമെല്ലാം വല്ലാതെ ചെടിപ്പിച്ചിട്ടുണ്ട് ആറ്റൂരിനെ. അതുകൊണ്ടുതന്നെ സന്ധ്യയും നക്ഷത്രങ്ങളുമെല്ലാം ജുഗുപ്‌സാവഹമായ കാവ്യബിംബങ്ങളായി മാറുന്നുണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംക്രമണം എന്ന കവിതയില്‍. കാല്‍പ്പനികത ഒരു പാപമല്ലെങ്കിലും പുതുകാല ജീവിതത്തെ ആവിഷ്‌കരിക്കുവാന്‍ കവികള്‍ ജീര്‍ണ്ണകാല്‍പ്പനികതയില്‍ അഭയം തേടുന്നത് ഗര്‍ഹണീയമാണെന്ന് അറ്റൂര്‍ കരുതിയിരുന്നു .

ഇന്നത്തെയും നാളെത്തെയും കവിത എങ്ങനെയാവണമെന്ന അസന്നിഗ്ധമായ നിലപാടുകള്‍ ആറ്റൂരിനുണ്ടായിരുന്നു .അതുകൊണ്ടുതന്നെയാണ് ‘മേഘരൂപനി’ല്‍ പി.യെ വരക്കുമ്പോള്‍ അത് കവിയുടെ ആത്മ ചിത്രവുമായി മാറുന്നത് .

‘കവിയായ ആറ്റൂരിനെ നന്നായി പ്രതിപാദിക്കുന്ന ഒരു ദൃശ്യം ഹിമാലയം കയറി വരുന്ന ആറ്റൂരാണെന്നെനിക്കു തോന്നി. എത്രയോ കാലമായി കയറി കൊണ്ടിരിക്കുന്ന
പ്രാചീനനായ ,മുന്‍ നടക്കുന്ന ഒരു വഴികാട്ടിയായി അദ്ദേഹത്തെ തോന്നി. വരും കാലത്തിലേക്ക് അദ്ദേഹം കയറി കയറി വരികയാണ്.”
ആറ്റൂര്‍ എന്ന കാവ്യാനുഭവത്തെ കവി കല്‍പ്പറ്റ നാരായണന്‍ സംഗ്രഹിക്കുന്നതിങ്ങനെയാണ് .

‘നീ കൃഷ്ണശില തന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴി തന്‍ നിത്യമാം തേങ്ങല്‍!
പൗര്‍ണ്ണമിയ്ക്കുള്ള പൂര്‍ണ്ണത!

അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ
പളളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം !”
(മേഘരൂപന്‍ )

കവിതയുടെ ഹൈമവത ദര്‍ശനം മലയാളിയെ അനുഭവിപ്പിച്ച ആറ്റൂര്‍ രവിവര്‍മ്മ അരങ്ങൊഴിയുകയാണ് .
സ്‌നേഹാദരങ്ങള്‍ …..

 

Share news
error: Content is protected !!
Scroll to Top